ഈ ശീലങ്ങള്‍ ഉള്ളവരാണോ; കരുതിയിരുന്നോളൂ ഫാറ്റി ലിവറിനെ; അറിയേണ്ടതെല്ലാം

കരൾ കോശങ്ങളിൽ അനിയന്ത്രികമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ സംഭവിക്കുന്ന രോഗാവസ്ഥയാണ് ഫാറ്റിലിവര്‍. ഭക്ഷണരീതി ഉള്‍പ്പെടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കൊണ്ട് ഇന്ന് ഫാറ്റി ലിവര്‌‍‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഫാറ്റി ലിവറിനെ കൃത്യസമയത്ത് കണ്ടെത്തി നിയന്ത്രിച്ചില്ലെങ്കില്‍ കരളിന്‍റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നതാണ് ഈ രോഗത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. 

ഫാറ്റി വിവറിന്‍റെ ആരംഭമാണ് മൈൽഡ് അഥവാ സിംപിൾ ഫാറ്റി ലിവർ എന്ന് അറിയപ്പെടുന്ന ഗ്രേഡ് 1 ഫാറ്റി ലിവർ. ഈ സ്റ്റേജില്‍ തന്നെ കരളിന്‍റെ അവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സ അരംഭിക്കുന്നത് അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാന്‍ സഹായിക്കും. കൃത്യസമയത്ത്  നിയന്ത്രിക്കാതിരുന്നാല്‍ കൂടുതല്‍ ഗൗരവകരമായ ഗ്രേഡ് 2 അല്ലെങ്കിൽ 3 പോലുള്ള ഫാറ്റി ലിവർ രോഗത്തിൻ്റെ ഘട്ടങ്ങളിലേക്ക് കടക്കും. 

അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി ഉള്ളവരില്‍ ഫാറ്റി ലിവറിന്‍റെ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൃത്രിമമായി മധുരം ചേര്‍ക്കുന്ന ഭക്ഷണങ്ങള്‍ ഫാറ്റി ലിവറിന് കാരണമാകാറുണ്ട്. പാക്ക്ഡ് ഫുഡ്, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ്, അമിതമായ മദ്യപാനം, പെട്ടന്നുള്ള ഭാരം കുറയ്ക്കല്‍, പോഷകാഹാരക്കുറവ് എന്നിവ ഫാറ്റി ലിവറിന് കാരണമാകും. ഉറക്കമില്ലായ്മയും കരളിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. 

ഇടവിട്ട് ബോഡി ചെക്കപ്പ് നടത്തുന്നത് ഫാറ്റി ലിവര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്താന്‍‌ സഹായിക്കും. ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗമുള്ളവരില്‍ സാധാരണയായി കണ്ടുവരാറുണ്ട്. അപ്രതീക്ഷിതമായി ശരീരഭാരം കുറയുക, വയറുവേദന, വയര്‍ എരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളെയും അവഗണിക്കരുത്. വീര്‍ത്ത കരള്‍ ഫാറ്റി ലിവറിന്‍റെ ലക്ഷണമാകാം. വിശദമായ വൈദ്യ പരിശോധനയിലൂടെ മാത്രമേ ഈ ലക്ഷണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.  അമിത ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയും ഫാറ്റി ലിവര്‍ ബാധിച്ചവരില്‍ കണ്ടുവരാറുണ്ട്. 

NB: ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് വിശദപരിശോധനയ്ക്ക് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.