aadujeevitham

മരുഭൂമിയിലെ പ്രതികൂലസാഹചര്യങ്ങളോട് പൊരുതി കഴിയുന്ന  ഇടയജീവിതങ്ങളിലേക്ക് നോമ്പിന്റെ പുണ്യം തേടി ഇറങ്ങി ചെല്ലുകയാണ് ഷാർജയിലെ മലയാളി കുടുംബം. നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ ഉണ്ടാക്കി നേരിൽ കൊണ്ടുകൊടുകയാണ് അൻസലും സംഘവും.  ഗൾഫിലെ ഇടയജീവിതങ്ങളുടെ അതിജീവനം നമ്മളറിഞ്ഞത് ബെന്യാമനിലൂടെയാണ്. നജീബിന്റെ  ആടുജീവിതം ബ്ലെസിയിലൂടെയും പൃഥിരാജിലൂടെയും അഭ്രാപാളിയിലെത്തി നിൽക്കുമ്പോൾ മസ്റകളിലേക്കും ഉസ്ബകളിലേക്കുമാണ് ഇവരുടെ യാത്ര.

 

എട്ട് വർഷം മുൻപ് മസ്റകളിലും ഉസ്ബകളിലും കഴിയുന്നവർക്ക് നോമ്പുതുറയ്ക്കാൻ ഭക്ഷണം വാങ്ങി നൽകിയിരുന്നു അൻസൽ അലി. അന്ന് കണ്ട സ്വപ്നമാണ് ഈ റമസാനിൽ സാക്ഷാത്കരിച്ചത്. ഭാര്യ ഫാത്തിമത്തും കുടുംബവും ഒരേമനസോടെ അഫ്സലിന്റെ സ്വപ്നത്തിനൊപ്പം കൂടി. ഭക്ഷണം പാചകം ചെയ്യുന്നതെല്ലാം ഫെബിൻ ഫസലുദീൻ. അഫ്സലിന്റെയും കുടുംബത്തിന്റെ പുണ്യപ്രവർത്തി കേട്ടറിഞ്ഞെത്തിയതാണ് ഇവരുടെ ഫ്ലാറ്റ് സമുച്ചയത്തിലേ ഈ കുട്ടിക്കൂട്ടം. പഴങ്ങൾ മുറിക്കാനും ഓരോന്നും ഇനം തിരിച്ച് കവറുകളിലാക്കി.. ബിരിയാണിക്കും വെള്ളത്തിനൊപ്പം കിറ്റുകളിലാക്കാനും ഒക്കെ മുൻപന്തിയിൽ ഇന്ന് ഇവരാണ്. തികഞ്ഞ പ്രഫഷണുകളെ പോലെയാണ് പ്രവർത്തനം.  

 

ഉമ്മൽ ഖുവൈൻ, റാസ് അൽ ഖൈമ എമിറേറ്റുകളിലെ മസ്റകൾ അല്ലെങ്കിൽ ഉസ്ബകളിലേക്കാണ് ഈ ഭക്ഷണപൊതികളെത്തിക്കുന്നത്. ഒരുദിവസത്തെപോലും ഇടവേളയില്ലാതെ ഇവരിത് ഇങ്ങനെ വണ്ടിയിൽ കയറ്റി കൊണ്ടുപോകും. കുട്ടിക്കൂട്ടവും ഒപ്പമുണ്ടാകും. ഉസ്ബകളിൽ കാലികളെ മേച്ച് ജീവിക്കുന്നവർക്ക് നോമ്പിനിടയിൽ ഇങ്ങനെ എത്തുന്ന ഭക്ഷണപൊതികൾ വലിയ അനുഗ്രഹമാണ്. ആടും ഒട്ടകവും പശുക്കളുമെല്ലാം ഉണ്ട് ഈ ഉസ്ബകളിൽ.

 

ഇവർക്കൊപ്പമുള്ള യാത്ര തുടങ്ങും മുതൽ ബെന്യാഹ്മനിലൂടെ ലോകം അറിഞ്ഞ നജീബായിരുന്നു മനസിൽ. ഉസ്ബയിലെത്തി ഈ ജീവിതങ്ങൾ കണ്ടപ്പോഴും നജീബിന്റെ ഓർമകൾ തേടിയെത്തി. ഇത് കണ്ടപ്പോൾ മസ്റയിൽ ആദ്യമായി പാലുകറയ്ക്കുന്ന നജീബിനെ ഓർക്കാതിരിക്കാൻ ആകുമായിരുന്നില്ല.  എന്നും ഒരേ ആളുകൾക്കാണ് ഭക്ഷണമെത്തിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും തമ്മിലെടുത്ത സൗഹൃദം ഓരോ ഉസ്ബകളിലും എത്തുമ്പോൾ നേരിൽ കാണാം

 

 

പലപ്പോഴും ഭക്ഷണപൊതികളെത്തിച്ച് മടങ്ങും മുൻപേ നോമ്പുതുറയ്ക്കുള്ള സമയമാകം.  നോമ്പുതുറയ്ക്കുന്നത് അധികവും മടക്കയാത്രയിൽ വണ്ടിയിൽ ഇരുന്നാണ്.  ഇക്കുറി ഞങ്ങൾ ഒപ്പം കൂടിയതിനാൽ നന്നേ വൈകി. പിന്നെ നോമ്പുതുറ ഇവർക്കൊപ്പമാക്കി. ഒരു നോമ്പുകാലം കൂടി കടന്നുപോകുമ്പോൾ പങ്കുവയ്ക്കലിന്റെയും ചേർത്തുപിടിക്കലിന്റെയും സന്ദേശം ഒരിക്കൽ കൂടി ഉയർത്തിപിടിക്കുകയാണ് വിശ്വാസി സമൂഹം. അതിന് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇവർ. ഒപ്പം പുതുതലമുറയ്ക്ക് വഴി കാട്ടുകയും. ഇവിടെ നിന്ന് മടങ്ങുമ്പോഴും ചിന്തിച്ചത് നജീബിനെ കുറിച്ചാണ്. അന്ന് ഇതുപോലെ പൊതിചോറുമായി ആരെങ്കിലും മസ്റകൾ തേടി ചെന്നിരുന്നെങ്കിൽ ഒരു പക്ഷേ നജീബിനെ കണ്ടെത്തിയേനെ..നജീബിന്റെ ജീവിതം തന്നെ മറ്റൊന്നായേനെയെന്ന്.