പ്രണയം ബ്രേക്ക് അപ്പായി; വീട്ടിലെ ടോയ്‌ലറ്റ് ഊരിയെടുത്ത് സ്ഥലംവിട്ട് കാമുകൻ!

closet
SHARE

പ്രണയബന്ധത്തിൽ നിന്നുള്ള വേർപിരിയൽ പ്രയാസകരമായിരിക്കും ഒട്ടുമിക്കവർക്കും. ഒരുമിച്ച് താമസിക്കുന്നവരാണെങ്കിൽ ചിലപ്പോൾ ഒരുമിച്ച് ഉപയോഗിച്ചിരുന്ന വസ്തുക്കളോ വീട്ടുസാധനങ്ങളോ ഒക്കെ വേർപിരിയുമ്പോൾ പങ്കുവയ്ക്കാൻ സാധ്യതയുണ്ട്. കാമുകിയോ കാമുകനോ നൽകിയ സമന്മാനങ്ങൾ തിരിച്ചുകൊടുക്കുന്നവരും ചോദിച്ചുവാങ്ങുന്നവരും ഉണ്ടാകാം. എന്നാൽ അതിനൊക്കെ അപ്പുറത്ത് മുൻ കാമുകന്റെ വേർപിരിയൽ അക്ഷരാർഥത്തിൽ വട്ടംചുറ്റിച്ച സംഭവമാണ് ഒരു വിദേശയുവതിക്കുണ്ടായത്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് യുവതി തന്റെ വിചിത്ര അനുഭവം പങ്കുവെച്ചത്.

പ്ലംബറായ മുൻ കാമുകനുമൊത്തെ് ഏറെക്കാലമായി ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ  അഭിപ്രായവ്യത്യാസമുണ്ടായത്. തുടർന്ന് വേർപിരിയാൻ ഇരുവരും തീരുമാനിച്ചു. ബ്രേക് അപ്പായതോടെ ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്ന് താമസം ഒഴിയാൻ സാധനങ്ങൾ പാക് ചെയ്യുകയായിരുന്നു കാമുകൻ. ഇതിനിടെ ഉറങ്ങിപ്പോയ യുവതി പുലരും മുൻപ് കാമുകൻ സ്ഥലംവിട്ടത് അറിഞ്ഞതുമില്ല. ഉറക്കമുണർന്ന്  ടോയ്‍ലെറ്റിലേക്ക് കയറിയപ്പോഴാണ് കാമുകി ശരിക്കും ഷോക്കായത്! പ്ലംബറായ കാമുകൻ നേരത്തെ ഫിറ്റ് ചെയ്ത വീട്ടിലെ ക്ലോസെറ്റും ഇളക്കിയെടുത്താണ് സ്ഥലം വിട്ടത്!ഇതുകണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് യുവതി പോസ്റ്റിൽ കുറിക്കുന്നു. ഇത്രയും രൂക്ഷമായ ഒരുപ്രതികരണം അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിൽ ആകെ ഉണ്ടായിരുന്ന ടോയ്‌ലറ്റാണ് കാമുകൻ കൈക്കലാക്കി കടന്നുകളഞ്ഞത്. പ്രാഥമികാവശ്യങ്ങൾക്ക് മറ്റു നിവൃത്തിയില്ലാതെ വന്നതോടെ യുവതിക്ക് സമീപമുള്ള റസ്റ്ററന്റിനെ ആശ്രയിക്കേണ്ടി വന്നു. അധിക ദിവസം ഇങ്ങനെ തള്ളിനീക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ യുവതി മറ്റൊരു പ്ലമറെ വിളിച്ചുവരുത്തി പുതിയ ക്ലോസറ്റ് സ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്.

ഏതായാലും  ചിരിയടക്കാൻ കഴിയാതെയാണ് പലരും യുവതിയുടെ പോസ്റ്റിനോട് പ്രതികരിച്ചത്.  ക്ലോസറ്റ് വച്ചിരുന്ന ഭാഗത്ത് കേടുപാടുകൾ ഉണ്ടാകാതെ വൃത്തിയായി അത് നീക്കം ചെയ്ത കാമുകൻ തൊഴിലിൽ സമർഥനാണെന്ന് പറയുന്നവരുമുണ്ട്. ഏതായാലും ഇത്തരം വിചിത്ര സ്വഭാവമുള്ള കാമുകനിൽനിന്ന് രക്ഷപ്പെട്ടതിൽ യുവതിക്ക് ആശ്വസിക്കാം എന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം.

MORE IN SPOTLIGHT
SHOW MORE