കച്ചത്തീവ് ഇന്ത്യയുടേതോ? മോദി പറഞ്ഞ തന്ത്രപ്രധാനമേഖലയില്‍ ചൈനയ്ക്ക് സ്വാധീനമോ?

Kachchatheevu
SHARE

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ ഉയര്‍ന്നുകേള്‍ക്കാത്ത ഒരു പേരാണ് നിലവില്‍ രാഷ്ടീയ ചര്‍ച്ചയാകുന്നത്. കച്ചത്തീവ്. നരേന്ദ്രമോദിയും എ.കെ.സ്റ്റാലിനുമെല്ലാം രാഷ്ട്രീയ ആയുധമാക്കുന്ന കച്ചത്തീവിന്‍റെ ചരിത്രം എന്താണ്? രമ്യ രവീന്ദ്രന്‍റെ റിപ്പോര്‍ട്ട്

 ഇപ്പോള്‍ ശ്രീലങ്കയുടെ അധീനതയിലുള്ള ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക് കടലിടുക്കില്‍ സ്ഥിതിചയ്യുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്ത്രപ്രധാനമെന്ന് വിശേഷിപ്പിച്ച ഇൗ പ്രദേശം. 115.5 ഹെക്ടറാണ് വിസ്തീര്‍ണം. രാമനാഥപുരം രാജാവിന്‍റെ കൈവശമായിരുന്നു ആദ്യം ഇത്. അക്കാലത്ത് ഇൗ ദ്വീപില്‍നിന്ന് ചിപ്പികളും ഔഷധച്ചെടികളും ശേഖരിക്കാന്‍ പാട്ടവകാശം നല്‍കിയിരുന്നു. പിന്നീട് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി.

അവകാശമുന്നയിച്ച് സിലോണ്‍

1956ല്‍ കച്ചത്തീവിനുമേല്‍ അന്നത്തെ സിലോണ്‍ സര്‍ക്കാര്‍ അവകാശമുന്നയിച്ചു. പ്രാചീന ഭൂപടത്തില്‍പോലും കച്ചത്തീവ് അവരുടെ ഭാഗമാണെന്നും അവകാശമുയര്‍ന്നു. 1968ല്‍ ഇന്ത്യയും ശ്രീലങ്കയും സമുദ്രാതിര്‍ത്തി വര്‍ധിപ്പിച്ചപ്പോള്‍ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് ഡല്‍ഹിയിലും കൊളംബിയയിലുമായി ഒട്ടേറെ ചര്‍ച്ചകള്‍. 1974 ജൂലൈ 28ന് ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി കാരാര്‍ ഒപ്പിട്ടു. ഇൗ കരാര്‍ പ്രകാരമാണ് കച്ചത്തീവ് ശ്രീലങ്കയുടേതായത്. തീര്‍ഥാടനത്തിനും മല്‍സ്യബന്ധനത്തിനുമായി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പ്രത്യേകാനുമതികളൊന്നും ഇല്ലാതെ ഇൗ ദ്വീപില്‍ പ്രവേശിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.

കരാര്‍ റദ്ദാക്കണമെന്ന് ജയലളിത

കച്ചത്തീവ് വീണ്ടെടുക്കണമെന്ന് 2013 മേയില്‍ ജയലളിത ആവശ്യപ്പെട്ടു. തമിഴ് മല്‍സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നേവി നിരന്തര ആക്രമണങ്ങള്‍ നടത്തുന്നതായിരുന്നു കാരണം. 1974ലെ ഉടമ്പടിക്ക് പാര്‍ലമെന്‍റിന്‍റെ അംഗീകാരമില്ലെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് കോടതിയെ സമീപിച്ചു. ഇടപെടാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും നിര്‍ദേശിച്ചു.

കച്ചത്തീവിലെ ദേവാലയം

അന്തോണീസ് പുണ്യവാളന്‍റെ ദേവാലയമാണ് കച്ചത്തീവിലെ ഏക നിര്‍മിതി. മാര്‍ച്ച് മാസത്തിലെ പെരുനാളിന് ഇന്ത്യയിലേയും ശ്രീലങ്കയിലേയും വിശ്വാസികളെത്തും. സുഗമമായ തീര്‍ഥാടനവും 1974ലെ ഉടമ്പടിയിലുണ്ട്. ഭൂരിഭാഗവും പാറയും കുറ്റിക്കാടുകളും പൂഴിയും കൊണ്ട് നിറഞ്ഞ പ്രദേശമാണിത്. ശ്രീലങ്കൻ നാവികസേനയുടെ ചെറിയ താവളം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2023ല്‍ പെരുനാള്‍ പൂര്‍ത്തിയായതിനുപിന്നാലെ ബുദ്ധന്റെ വലിയൊരു പ്രതിമ കച്ചത്തീവില്‍ കണ്ടെത്തിയത് തമിഴ്നാട്ടില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സിംഹള വല്‍ക്കരണമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കച്ചത്തീവിൽ ശ്രീലങ്കൻ സേന താവളമുറപ്പിക്കുന്നത് രാജ്യത്തിനു ഭീഷണിയാകുമെന്നും ചൈനയുടെ സ്വാധീനം ലങ്കയുടെ നീക്കത്തിനു പിന്നിലുണ്ടെന്നും പിഎംകെ ആരോപിച്ചിരുന്നു.

History of Kachchatheevu

MORE IN SPOTLIGHT
SHOW MORE