ഭാരതത്തിന്‍റെ സുവര്‍ണ കാലമെത്തി; ‘രാം ലല്ല’ അത് തന്നോട് പറഞ്ഞുവെന്ന് മോദി

modi-ramlalla
പ്രാണ പ്രതിഷ്ഠാച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തപ്പോള്‍. (ഫയല്‍ ചിത്രം)
SHARE

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോള്‍ ഭാരതത്തിന്‍റെ സുവര്‍ണ കാലമെത്തിയെന്ന് രാം ലല്ല തന്നോടു പറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യം മുന്നോട്ടു കുതിക്കുകയാണ്, ഭാരതത്തിന്‍റെ സുവര്‍ണകാലമെത്തി’ എന്ന് രാം ലല്ല വിഗ്രഹം തന്നോട് പറയുന്നതുപോലെ ‌തോന്നിയെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. 

ഒരു അഭിമുഖത്തിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോള്‍ എന്തായിരുന്നു തോന്നിയതെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. ഈ വര്‍ഷം ജനുവരി 22നായിരുന്നു പ്രാണ പ്രതിഷ്ഠാച്ചടങ്ങ്. ‘ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് ലഭിച്ചപ്പോള്‍ മുതല്‍ വളരെ ആത്മീയമായ ഒരു ചൈതന്യം തന്നെ പൊതിയുന്നതുപോലെയാണ് തോന്നിയത്. ഒരു പ്രത്യേകതരം അനുഭവമായിരുന്നു അത്. ഇതോ‌ടെയാണ് പ്രാണ പ്രതിഷ്ഠാച്ചടങ്ങുകള്‍ നടക്കുന്ന 11 ദിവസവും വ്രതമെടുക്കാന്‍ തീരുമാനിച്ചത്. ശ്രീരാമനുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളില്‍ ദര്‍ശനത്തിനെത്താനും തീരുമാനിച്ചു. പ്രത്യേകിച്ചും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍. ഈ ഘട്ടത്തില്‍ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നത് പോലും ഒഴിവാക്കാന്‍ ശ്രമിച്ചു’– മോദി പറയുന്നു.

‘അയോധ്യയിലെത്തിയപ്പോള്‍ ഒരോ അടി മുന്നോട്ടുവയ്ക്കുമ്പോഴും ഞാന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി എന്ന നിലയിലാണോ അതോ ഒരു സാധാരണ ഇന്ത്യക്കാരനായാണോ ഇവിടെ എത്തിയിരിക്കുന്നത് എന്ന ചിന്ത എന്നില്‍ പിടിമുറുക്കി. രാജ്യത്തെ 140 കോടി ജനങ്ങളെപ്പോലെ വെറും ഒരു സാധാരണ ഭക്തനായാണ് ഞാന്‍ ശ്രീരാമ ക്ഷേത്രത്തിലെത്തിയത്. ആദ്യമായി രാം ലല്ലയുടെ മുഖം കണ്ടപ്പോള്‍ സ്വയം മറന്നുപോയി, ചുറ്റും നില്‍ക്കുന്ന ആചാര്യന്മാര്‍ എന്താണ് പറയുന്നത് എന്നുപോലും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആ നിമിഷം രാം ലല്ല എന്നോട് സംസാരിക്കുന്നതായാണ് തോന്നിയത്. ഭാരതത്തിന്‍റെ സുവര്‍ണ ദിനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യം മുന്നോട്ട് കുതിക്കുകയാണ് എന്ന് രാം ലല്ല പറയുന്നതായി തോന്നി. രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും ആ കണ്ണില്‍ എനിക്ക് കാണാനായി’ എന്നാണ് പ്രധാനമന്ത്രി അയോധ്യ സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.‌

ജീവിതത്തില്‍ ഒട്ടനേകം മറക്കാനാവാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രാണ പ്രതിഷ്ഠാച്ചടങ്ങിലെ അനുഭവം വാക്കുകള്‍കൊണ്ട് വര്‍ണിക്കാവുന്നതിലും അപ്പുറമാണെന്നും മോദി പറയുന്നു. പ്രാണ പ്രതിഷ്ഠാച്ചടങ്ങിനു മുന്നോടിയായി വ്രതമെടുത്ത 11 ദിവസങ്ങളിലും പ്രധാനമന്ത്രി തറയിലാണ് കിടന്നുറങ്ങിയത്. ഭക്ഷണകാര്യങ്ങളില്‍ നിഷ്ഠയുണ്ടായിരുന്നു. കരിക്ക് പോലെയുള്ളവയാണ് അധികവും കുടിച്ചിരുന്നതെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് വന്നിരുന്നു. 

'Felt like Ram Lalla telling me the golden era of India has been started': Says PM Modi.

MORE IN SPOTLIGHT
SHOW MORE