aadujeevitham-book-vs-film
  • സിനിമയില്‍ അപ്രത്യക്ഷനായ ഹമീദ്
  • അര്‍ബാബെന്ന മനുഷ്യന്‍
  • ആടെന്ന ഇണ

അറബിനാടിന്‍റെ രാഷ്ട്രീയം പശ്ചാത്തലമാക്കി ബെന്യാമിന്‍ എഴുതിയ  ഇരട്ട നോവലുകളുണ്ട്. 'അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി'യും 'മുല്ലപ്പൂ നിറമുള്ള പകലുകളും'. ഏതില്‍ നിന്നും വായിച്ച് രണ്ടാമത്തേതിലേക്ക് കടക്കാം. അവ പരസ്പരം തുടര്‍ച്ചയാകും. ആടുജീവിതമെന്ന നോവലും ആടുജീവിതമെന്ന സിനിമയും ഇതുപോലെ ഇരട്ട സ്വഭാവമുള്ളവയാണ്. സിനിമ കണ്ട് നോവല്‍ വായിച്ചാലും നോവല്‍ വായിച്ച് സിനിമ കണ്ടാലും പുതുമകള്‍ പലതും മനസ്സിലെത്തും. കഥയുടെ വ്യാഖ്യാനമായി സിനിമ വെള്ളിത്തിരയിലെത്തുമ്പോഴും നോവലിനെ  പ്രസക്തമാക്കുന്ന പ്രത്യേകതകളും വ്യത്യാസങ്ങളും നിരവധിയാണ്.

prithviraj-aadujeevitham

വേദനിപ്പിച്ച ഹമീദ്

നോവലിന്‍റെ ആദ്യ വാചകത്തില്‍ തന്നെ നജീബിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഹമീദ് പക്ഷേ, സിനിമയില്‍ അപ്രത്യക്ഷനാണ്. ബത്തയിലെ പൊലീസ് സ്റ്റേഷനിലും സുമേസി ജയിലിലും നജീബിന്‍റെ ചങ്ക്. ഓടിപ്പോയ അടിമയെ കണ്ടെത്താന്‍ അര്‍ബാബുമാര്‍ വരുമ്പോള്‍ അവര്‍ പേടിച്ച് നോക്കിനിന്നു. പിന്നെ  തങ്ങളെത്തേടി ആരും വരാനില്ലെന്നോര്‍ത്ത് സന്തോഷിച്ചു. എംബസിയില്‍ നിന്ന് ആളെത്തി പേരുവിളിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കാത്തുനിന്നു. പക്ഷേ എത്തിയത് ഹമീദിന്‍റെ മുതലാളിയായിരുന്നു. അലറിക്കരഞ്ഞ ഹമീദിനെ തലങ്ങും വിലങ്ങും തല്ലി  അര്‍ബാബ് വലിച്ചിഴച്ച് കൊണ്ടുപോയി . പിറ്റേന്ന് എംബസിക്കാര്‍ വന്ന് ആദ്യം വിളിച്ചത് ഹമീദിന്‍റെ പേരാണ്. ഒരുനാള്‍ നേരത്തേ എംബസിക്കാര്‍ വന്നിരുന്നെങ്കില്‍,  അല്ലെങ്കില്‍ ഒരുനാള്‍ വൈകി അര്‍ബാബ് വന്നിരുന്നെങ്കില്‍ ഹമീദ് നാടണഞ്ഞേനെ. ഹമീദിന്‍റെ കരച്ചില്‍ കൂടി കാണിച്ച് കാണികളെ വീണ്ടും കരയിക്കണ്ടെന്ന് ബ്ലെസ്സി കരുതിക്കാണും.

ഹക്കീമിന്റെ വരവും പോക്കും

സിനിമയിലെ മലപ്പുറത്തുകാരന്‍ ഹക്കീമിന്‍റെ നാട് നോവലില്‍ തിരുവനന്തപുരത്തെ ധനുവച്ചപുരമാണ്.  മരുഭൂമിയിൽ വീണ്ടും കണ്ടുമുട്ടുന്നതിലും വ്യത്യാസമുണ്ട്. നോവലിൽ നജീബ് ഹക്കിമിനെ തിരഞ്ഞ് പോകുകയാണ്. കൊടുംമഴയത്ത് ധൈര്യം സംഭരിച്ച് നജീബ് ഇറങ്ങി നടന്നു. പിന്നീടുള്ള സാഹസികമായ രക്ഷപ്പെടലിന് വഴിതെളിക്കുന്ന കണ്ടുമുട്ടല്‍ അങ്ങനെ സംഭവിക്കുന്നു. 

benyamin-najeeb

മസറയിലെ അര്‍ബാബ്

ആടുജീവിതത്തില്‍ നിന്ന് നജീബിന് രക്ഷാവഴികളില്ലെന്ന് അര്‍ബാബ് ആദ്യമേ ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് ശ്രദ്ധേയമാണ്. എല്ലാ ഭാഷകള്‍ക്കും മേലേ നില്‍ക്കുന്ന ഭീഷണിയുടെ ഭാഷ. കൂടാരത്തില്‍ വച്ച് തന്‍റെ ബൈനോക്കുലര്‍ അയാള്‍ നജീബിന് നല്‍കുന്നു. കിലോമീറ്ററുകളോളം ദൂരം വ്യക്തമായി അതിലൂടെ കാണാം. അതിനു ശേഷം തന്‍റെ ഇരട്ടക്കുഴല്‍ തുപ്പാക്കിയാണ് അര്‍ബാബ് പുറത്തെടുത്ത് കാണിക്കുന്നത്. അകലെ പറന്നുപോയ ഒരു പക്ഷിയെ കൃത്യമായി വെടിവെച്ചിട്ട് തന്‍റെ ഉന്നവും മനസ്സിലാക്കിക്കൊടുത്തു. 'നീയെത്ര ദൂരം പോയാലും കണ്ടെത്തി കാഞ്ചിവലിക്കാന്‍ എനിക്കാവും. ' നജീബിന് അതൊരു പാഠമായി.

നജീബിന്‍റെ മകന്‍ –നബീല്‍

aadujeevitham

സിനിമയില്‍ നജീബ് പിറക്കാന്‍ പോകുന്ന മകന് പേരിടുന്നുണ്ട്. നബീല്‍. നബീലിനെ നമ്മള്‍ സിനിമയില്‍ കാണുന്നില്ല. എന്നാല്‍ നോവലില്‍ നബീല്‍ ഉണ്ട്. നബീല്‍ എന്ന ആട്. വയറ്റിലുള്ള  ഭാര്യയെ പിരിഞ്ഞെത്തിയ നജീബ് ഗര്‍ഭിണിയായ ആടിനെ പ്രത്യേകം ശ്രദ്ധിക്കുന്നു. അവള്‍ പെറ്റ ആട്ടിന്‍കുട്ടിക്ക്  മകനിടാന്‍ വച്ചിരുന്ന പേരിട്ടു. നബീല്‍. ഓമനിച്ചു. താലോലിച്ചു. മുതലാളി കാണാതെ തള്ളയാടിന്‍റെ പാലു കൊടുത്തു. ഒടുവില്‍ , വരിയുടക്കാനായി അര്‍ബാബ് തിരഞ്ഞെടുത്ത ആടുകളില്‍ നബീലും വന്നുപെട്ടപ്പോള്‍ ‍ഞെട്ടിത്തരിച്ചുപോയി. അവനെ രക്ഷപ്പെടുത്താനുള്ള വഴികളെല്ലാമട‍‍ഞ്ഞപ്പോള്‍ സ്വന്തം പുരുഷത്വം നഷ്ടപ്പെട്ട പോലെ വേദനിച്ച് തളര്‍ന്നു പോയി. പിന്നീട് മസറയില്‍ പാമ്പു കടിയേറ്റ് ചത്ത ആടുകളിലൊന്ന് നബീലായിരുന്നു. 

ആടുകളുമായുള്ള ആത്മബന്ധവും സൗഹൃദവും നോവലിലാണ് കൂടുതല്‍. ഒരു മനുഷ്യ ജീവിതമെങ്ങനെ ആടുജീവിതമായെന്ന് പേജുകളിലൂടെ നമുക്കു മുന്നില്‍ നിവരുന്നു. ആടുകള്‍ക്ക് പേരുകളിടുന്നതു മുതല്‍ വേര്‍പിരിയാന്‍ നേരം വിടപറയുന്നതു വരെ അതുനീളും. ചെരിവുള്ള ആടിന് മോഹന്‍ലാലെന്നും വിക്കുള്ള ആടിന് ഇഎംഎസെന്നും ചിരിക്കുന്ന ആടിന് ജഗതിയെന്നും പേരിട്ടു നജീബ്!

അര്‍ബാബെന്ന മനുഷ്യന്‍

adujeevitham-poster-2

സിനിമയില്‍ ഉടനീളം ശക്തനും ക്രൂരനുമാണ്  മുതലാളി. എന്നാല്‍ മഴയെ പേടിച്ച് വിരണ്ടു മൂലക്കിരിക്കുന്ന അര്‍ബാബിനെ നോവലില്‍ കാണാം. ഒരിടത്ത് അയാളെ കൊന്ന് രക്ഷപ്പെടാന്‍ നജീബിന് അവസരം വരെ കിട്ടുന്നുണ്ട്. നിസ്സഹായനായി കരയുന്ന അര്‍ബാബ് മുന്നിലുള്ളപ്പോള്‍ നജീബിന്‍റെ കയ്യില്‍ തോക്കു കിട്ടുന്നു. പക്ഷേ കൊല്ലുന്നില്ല. നജീബിലില്‍ നിറയുന്ന കരുണ നമ്മളറിയുന്നു.

ആടെന്ന ഇണ

അപ്രതീക്ഷിതമായി നജീബ് ആസക്തിക്ക് അടിപ്പെടുന്നുണ്ട് നോവലില്‍. സ്ത്രീശരീരങ്ങളുടെ ചിന്തകള്‍ അയാളെ ചുറ്റിപ്പിണയുന്നു. ആ രാത്രി ചേര്‍ന്നു കിടക്കാന്‍ ഒരു ശരീരം തേടിയ അയാള്‍ ആടിനെ പുണര്‍ന്ന് കിടക്കുന്ന നിലയിലാണ്   പിറ്റേന്ന് പുലര്‍ച്ചെ  സ്വയം കണ്ടെത്തിയത്.  പോച്ചക്കാരി രമണി എന്നു പേരുള്ള ആടാണ് നജീബിന്‍റെ ആ പങ്കാളി. നജീബ് ആദ്യമായി പാലു കറന്ന ആടായിരുന്നു രമണി. ആ പേരിടാന്‍ കാരണം പഴയൊരോര്‍മ തന്നെ. നജീബ് ആദ്യമായി കൊതിച്ചു പിടിച്ച പെണ്‍മാറിടം നാട്ടിലെ പോച്ചക്കാരി രമണിയുടേതായിരുന്നു. സ്പര്‍ശങ്ങളിലെ സമാനത പേരിലും പിടിച്ചിട്ടു കഥയിലെ നായകന്‍. നോവലിലെ ഈ ഭാഗം പക്ഷേ , യഥാര്‍ഥ നജീബിനത്ര പിടിച്ചില്ല.

ഇനിയുമുണ്ട് നോവലും സിനിമയും തമ്മിലെ വ്യത്യാസങ്ങള്‍.  വായിച്ചവര്‍ക്ക്  വീണ്ടും വായിക്കാനും വായിക്കാത്തവര്‍ക്ക്  പുസ്തകത്തിലേക്കു വരാനും നിരവധി കാരണങ്ങള്‍ ബ്ലെസ്സിയുടെ ആടുജീവിതം തരുന്നു.  വായിച്ചു തന്നെ അറിയണം. അനുഭവിക്കണം. അപ്പോള്‍ മനസ്സിലാകും, മലയാളിയുടെ വായനാനുഭവത്തെ ബഹുമാനിച്ചുകൊണ്ട് സൃഷ്ടിച്ച കാഴ്ചാനുഭവമാണ് ആടുജീവിതമെന്ന ചിത്രമെന്ന്.

Aadujeevitham; the book Vs film.