തലയില്‍ തൊപ്പി; മുഷിഞ്ഞ വേഷം; കഴിച്ച് ഉപേക്ഷിക്കുന്നത് ‘പ്രസാദം’; വൈറല്‍ തൊപ്പിയമ്മ

thoppi-amma
SHARE

ആള്‍ ദൈവങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. ഇപ്പോളിതാ തമിഴ്‌നാട്ടിലെ തീർത്ഥാടന നഗരമായ തിരുവണ്ണാമലൈയിലെ ‘തൊപ്പി അമ്മ’യാണ് ‘ഭക്തര്‍’ക്കിടയില്‍ തരംഗമാകുന്നത്. അവരുടെ ഒപ്പം നടക്കാനും അവര്‍ കഴിച്ചുപേക്ഷിക്കുന്നതും കുടിച്ച് ഉപേക്ഷിക്കുന്നതും പ്രസാദമായി സ്വീകരിക്കാനും നിരവധി പേരാണുള്ളത്. തിരുവണ്ണാമലൈയിലെ റോഡുകളിലൂടെ നടന്നു നീങ്ങുന്ന ഇവരുടെ നൂറുകണക്കിന് വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍.

മുഷിഞ്ഞ നീളൻ പാവാടയും ഫുൾകൈ ഷർട്ടും തൊപ്പിയും ധരിച്ച സ്ത്രീയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ട്രെന്‍ഡിങ്. അലസമായ മുടിയും വിചിത്രമായ പെരുമാറ്റവുമുള്ളവരെ ആളുകള്‍ തൊപ്പിയമ്മ എന്ന് വിളിക്കുന്നു. ഓരോ ദിവസവും പല നിറത്തിലെ തൊപ്പിയാണ് ഇവര്‍ ധരിക്കുന്നത്. ഇതാണ് ഇവര്‍ക്ക് തൊപ്പിയമ്മ എന്ന പേര് സമ്മാനിപ്പിച്ചത്. അതേസമയം ഇവര്‍ ദൈവമല്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്നും ഇവര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നവരും ഒരുപാടാണ്.

തിരുവണ്ണാമലയിൽ തൊപ്പി അമ്മയ്‌ക്കൊപ്പം നടക്കാൻ ഭാഗ്യം ലഭിച്ചു എന്നാണ് ഒരാള്‍ ഇവരുടെ ചിത്രം പങ്കുവച്ച് എക്സില്‍ കുറിച്ചത്. അതേസമയം മാനസിക വെല്ലുവിളി നേരിടുന്ന ഒരു സ്ത്രീയെയാണ് തൊപ്പിയമ്മ എന്ന് വിളിക്കുന്നത് എന്ന് മറ്റൊരാള്‍ കുറിച്ചു. എന്നിരുന്നാലും തൊപ്പിയമ്മയെ കുറിച്ചുള്ള ഒന്നിലധികം വീഡിയോകളും യൂട്യൂബിലുണ്ട്. എന്നാല്‍ ഇവര്‍ എവിടെയാണ് കഴിയുന്നതെന്നോ എങ്ങിനെ തിരുവണ്ണാമലയിൽ എത്തിയെന്നോ ആര്‍ക്കും അറിയില്ല. ക്ഷേത്രത്തിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായിട്ട് ഇവരെ കാണാം.

ഒരു വിഡിയോയിൽ ഇവര്‍ നടന്നുപോകുമ്പോള്‍ ആളുകള്‍ കൂപ്പുകൈകളോടെ സ്വീകരിക്കുന്നതും അവര്‍ക്ക് നടക്കാന്‍ വഴിയൊരുക്കുന്നതും കാണാം. മറ്റൊരു വിഡിയോയില്‍ തെരുവിലൂടെ നടന്ന് പോകുന്നതിനിടയില്‍ അവര്‍ കുടിച്ച് ഉപേക്ഷിക്കുന്ന പേപ്പര്‍ കപ്പ് ആളുകള്‍ വഴിപാടായി സ്വീകരിക്കുന്നത് കാണാം. ചിലപ്പോഴെല്ലാം എന്തെങ്കിലും പിറുപിറുക്കും എന്നല്ലാതെ അധികം ആരോടും ഇവര്‍ സംസാരിക്കാറില്ല. അതുപോലും പുരാതന ഭാഷയാണെന്ന് കരുതുന്നവരുണ്ട്. 

തമിഴ്നാട്ടിലെ പ്രധാന തീർഥാടന-വാണിജ്യ-വിനോദസഞ്ചാര കേന്ദ്രവും ക്ഷേത്ര നഗരവുമാണ് തിരുവണ്ണാമലൈ. തിരുവണ്ണാമലൈ പട്ടണത്തിലെ പ്രസിദ്ധമായ അരുണാചലേശ്വർ ക്ഷേത്രത്തിൽ വർഷംതോറും അരങ്ങേറാറുള്ള കാർത്തികോത്സവം നിരവധി ഭക്തരെയാണ് ഇങ്ങോട്ട് ആകർഷിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE