തെരുവുനായ റോബോട്ട് നായയെ കണ്ടുമുട്ടിയാല്‍?; രസികന്‍ വിഡിയോ വൈറല്‍

Robot-Dog
SHARE

കൊച്ചുകൊച്ചുകാര്യങ്ങള്‍ മുതല്‍ വലിയ ജോലികളില്‍ വരെ റോബോട്ടുകളെ പ്രയോജനപ്പെടുത്തി തുടങ്ങി സാങ്കേതിക ലോകം. റോബോട്ടിക് സാങ്കേതിക വിദ്യയും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സാങ്കേതിക വിദ്യയും യാഥാര്‍ഥ്യവും തമ്മില്‍ കണ്ടുമുട്ടുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്.

കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) എടുത്ത രസകരമായ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു റോബോട്ടിക് നായയെ തെരുവ് നായ കണ്ടുമുട്ടുമ്പോഴുള്ള പ്രതികരണമാണ് ദൃശ്യങ്ങളില്‍. റോബോട്ട് നായയ്ക്ക് ചുറ്റും തെരുവുനായ ഓടുന്നത് വിഡിയോയിൽ കാണാം. തെരുവുനായ റോബോട്ടിക് നായയുമായി ഇടപഴകാൻ ശ്രമിക്കുന്നുണ്ട്. റോബോട്ട് നായയുടെ നീക്കങ്ങൾക്ക് മറുപടി നൽകാനും ശ്രമിക്കുന്നു. അതേസമയം, റോബോട്ട് നായയെ കണ്ട് മറ്റ് നായ്ക്കളും അടുത്തേക്ക് എത്തുന്നുണ്ട്. 

മക്‌സ് റോബോട്ടിക്‌സ് എന്ന കമ്പനിയാണ് റോബോട്ടിക് നായയെ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിവരങ്ങള്‍. 'റൊബോട്ട് ഡോഗ് വേഴ്സസ് റിയൽ ഡോഗ്,' എന്നാണ് മക്‌സ് റോബോട്ടിക്‌സിന്‍റെ സ്ഥാപകനും സിഇഒയുമായ ഡോ. മുകേഷ് ബംഗാർ വിഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. 

ഐഐടി കാൺപൂരിലെ ടെക് ഫെസ്റ്റായ 'ടെക്‌കൃതി'യ്ക്കിടെയാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. വാർഷിക സാങ്കേതിക-സംരംഭക ഫെസ്റ്റിന്‍റെ 30-ാമത് എഡിഷനായിരുന്നു ഇത്.

MORE IN SPOTLIGHT
SHOW MORE