‘എന്നെ തകര്‍ത്തു കളഞ്ഞു’; യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ദുൽഖർ

ജാര്‍ഖണ്ഡില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം തന്നെ തകര്‍ത്തുകളഞ്ഞെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യുവതിയും ഭര്‍ത്താവും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ അതിക്രമം വിവരിക്കുന്ന വിഡിയോ പങ്കുവച്ചാണ് ദുൽഖർ സല്‍മാന്‍റെ പ്രതികരണം. വെള്ളിയാഴ്ച രാത്രിയോടെ ദുംകയിലായിരുന്നു സംഭവം. ഏഴംഗ സംഘം യുവതിയെ ക്രൂരബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 

നേപ്പാള്‍ യാത്രയ്ക്ക് മുമ്പ് ഇരുവരും കേരളവും സന്ദര്‍ശിച്ചിരുന്നെന്നും കോട്ടയത്ത് തന്‍റെ സുഹൃത്തുക്കള്‍ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചു. 'ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു. ആര്‍ക്കും ഒരിടത്തും ഇത്തരമൊരനുഭവം ഉണ്ടാവരുത്' എന്നും ദുല്‍ഖര്‍ പ്രതികരിച്ചു.

'ഒരാള്‍ക്കും സംഭവിക്കാന്‍ പാടില്ലാത്തത് ഇന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് ആണുങ്ങള്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. അവര്‍ ഞങ്ങളെ മര്‍ദിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ഒരുപാട് വസ്തുക്കള്‍ ഒന്നും നഷ്ടപ്പെട്ടില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. നിലവില്‍ ഞങ്ങള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ്.  ഇത് ഇന്ത്യയിലാണ് സംഭവിച്ചത്’; എന്നാണ് സ്പാനിഷ് യുവതിയും ഭര്‍ത്താവും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ബൈക്കില്‍ ഭര്‍ത്താവിനോടൊപ്പം ഏഷ്യാ പര്യടനത്തിന് ഇറങ്ങിയതായിരുന്നു യുവതി. വെസ്റ്റ് ബംഗാളില്‍ നിന്ന് ജാര്‍ഖണ്ഡ് മാര്‍ഗം നേപ്പാളിലേക്ക് പോകുകയായിരുന്നു ഇരുവരും. സന്ധ്യയായതോടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച് ദുംകയിലെ ഒരു ഗ്രാമത്തില്‍ ടെന്‍റ് നിര്‍മിച്ച് വിശ്രമിക്കുകയായിരുന്നു. പിന്നീട് രാത്രിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇരുവരെയും നഗ്നരായി റോഡിന് അരികില്‍ കണ്ടെത്തുന്നത്.

യുവതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം കേസ് അന്വേഷിക്കാനായി ഫൊറന്‍സിക് വിദഗ്ദരടക്കമുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ദുംക പോലീസ് സൂപ്രണ്ട് പീതാംബർ സിംഗ് ഖൈർവാർ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സരായാഹത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ ചികില്‍സയിലാണ് യുവതി.

Crushed to hear about this; says Dulquer Salmaan on Spanish woman gang raped in Jharkhand