ooralunkal-online

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ഇന്ന് നൂറു വയസ്. തൊഴിലാളി സഹകരണ സംഘമായി തുടങ്ങി വന്‍കിട പദ്ധതികള്‍ നിര്‍മിക്കുന്ന സ്ഥാപനമായി വളര്‍ന്ന ചരിത്രമാണ് ഊരാളുങ്കലിന്‍റേത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷം ഇന്ന് വടകരയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൊഴില്‍ നിഷേധത്തെ അതിജീവിക്കാന്‍  14 തൊഴിലാളികളും 16 അണയുമായി വാഗ്ഭടാനന്ദ ഗുരു വടകരയിലെ ഊരാളുങ്കലില്‍ 1925ല്‍ രൂപം നല്‍കിയ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം, നൂറ്റാണ്ടിനിപ്പുറം 18,000 പേര്‍ക്ക് നേരിട്ട് തൊഴില്‍നല്‍കുന്ന 17,000 കോടി രൂപയുടെ ദേശിയ പാത നിര്‍മാണംവരെ ഏറ്റെടുക്കുന്ന സ്ഥാപനമായി മാറി.  സമാനതകളില്ലാത്ത ഈ വിജയഗാഥ സഹകരണ മേഖലയിലെ പുതുചരിത്രമാണ്. 

റോഡുകള്‍, പാലങ്ങള്‍, കെട്ടിട സമുച്ചയങ്ങള്‍.. നിര്‍മിതികളില്‍ കേരളമാകെ ഊരാളുങ്കല്‍ കയ്യൊപ്പുചാര്‍ത്തി.  ഐ.ടി പാര്‍ക്കുകളുമായി പുതിയമേഖലകളിലേക്കും വാതായനം തുറന്നു. നൂറാം വാര്‍ഷിക വേളയില്‍ സഹകരണ മേഖലയിലെ സര്‍വകലാശാലയെക്കുറിച്ചാണ് ഊരാളുങ്കല്‍ ചിന്തിക്കുന്നത്. വിവാദങ്ങള്‍‌ വളര്‍ച്ചയ്ക്ക് വിഘാതമല്ലെന്നും രമേശന്‍ പാലേരി. 

നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യാന്തര സഹകരണ ഉച്ചകോടിയും സുസ്ഥിര നിര്‍മാണങ്ങളെക്കുറിച്ചുള്ള ഗവേഷണ സെമിനാറുമുള്‍പ്പെടെ സംഘടിപ്പിക്കുന്നുണ്ട്.  അടുത്ത കാല്‍നാറ്റാണ്ടില്‍ എന്തുമാറ്റം കൊണ്ടുവരണമെന്ന ആശയരൂപീകരണവും ലക്ഷ്യമിട്ടാണ് പരിപാടികള്‍.