tea-shop

TAGS

103 വർഷം പഴക്കമുള്ള ഒരു ചായക്കടയുണ്ട് തൃശൂരിൽ. റേഡിയോയും ഓലമേഞ്ഞ, ഓട്ടക്കാലണയൊക്കെയുള്ള, നല്ല നാട്ടിൻപുറ ഭംഗിയുള്ള ചായക്കട. 

അന്യം നിന്നു പോയ ഒരുപാട് പഴമകൾ പെരുമയോടെ സൂക്ഷിക്കുന്ന ഈ ചായക്കട നാട്ടുകാർ ഒത്തുകൂടുന്ന ഇടം കൂടിയാണ്. റേഡിയോ ദിനം കൂടിയായ ഇന്ന് ആ ചായക്കടയും അവിടുത്തെ റേഡിയോ വിശേഷങ്ങളും കൂടി കണ്ട് വരാം.

പാടൂരിലെ മാധവേട്ടന്റെ ചായക്കട. ചായക്കും ചൂടു ചർച്ചക്കും നടുവിലാണ് റേഡിയോ ഇങ്ങനെ പാടിയും പറഞ്ഞും ശബ്ദിച്ചു കൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പേ ഇവിടെ റേഡിയോ ഉണ്ട്, അത് കേൾക്കാൻ ആളുകൾ കാത്തിരിക്കും. 

ഓട്ടുമുക്കാലിട്ട് വെള്ളം തിളപ്പിക്കുന്ന ചായ പാത്രവും 103 വർഷം പഴക്കമുള്ള പൈസ പെട്ടിയുമുള്ള ഈ ഓല മേഞ്ഞ ചായക്കടയിൽ ഇന്നും റേഡിയോ തന്നെയാണ് സ്റ്റാർ. ആസ്വദിച്ചു ചായ അടിക്കുന്ന സുനിക്കും ചായയ്ക്ക് കാത്തിരിക്കുന്ന നാട്ടുകാർക്കും വേണ്ടി റേഡിയോ ശബ്‌ദിച്ചു കൊണ്ടേയിരിക്കും. 

സുനിയുടെ പിതാവാണ് മാധവൻ, അദ്ദേഹത്തിന്റെ പേരിലാണ് ചായക്കട അറിയപ്പെടുന്നത്. മാധവിന്‍റെ പിതാവ് വേലുണ്ണിയാണ് കട ആരംഭിച്ചത്. തലമുറകൾ മാറിയെങ്കിലും നാട്ടുകാർക്ക് ഒത്തുകൂടാനുള്ള ഏകമാർഗ്ഗം ചായക്കടയും ഇവിടെ വിരിച്ചിട്ട സീറ്റുകളുമാണ്. 

പഴമ ഒട്ടും നഷ്ടപ്പെടുത്താതെയാണ് സുനി ചായക്കട നടത്തി വരുന്നത്. അന്നത്തെ പോലെ ഇന്നും സ്വന്തം തൊഴുത്തിലെ എരുമയുടെ പാൽ ഒഴിച്ചാണ് ചായ ഉണ്ടാക്കൽ. ഒരു നാടിനെ ഒന്നാകെ ഒരുമിപ്പിക്കുന്ന സംതൃപ്തി കൂടി പറയാനുണ്ടാകും സുനിക്ക്..ഇതു പോലൊരു ചായക്കട വേറേ കാണാനാവില്ല. റേഡിയോ ദിനത്തിൽ നല്ലൊരു പാട്ടും ചായയും ആസ്വദിച്ചു, നൂറ്റിമൂന്നു കൊല്ലത്തെ പെരുമയും.