xiaomi-14

സാംസങ്ങ് S24 സീരീസിന്‍റെ റിലീസിനു പിന്നാലെ ഗ്ലോബല്‍ ലോഞ്ചിനൊരുങ്ങി ഷവോമിയുടെ 14 സീരീസ്. ഷവോമി 14, 14 പ്രോ, എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയ്ക്കൊപ്പം 14 അള്‍ട്രാ എന്ന മോഡല്‍ കൂടി അവതരിപ്പിക്കുമോ എന്ന ആകാംഷയിലാണ് ടെക് ലോകം. ഫെബ്രുവരി 15ന് മോഡലുകള്‍ ആഗോള തലത്തില്‍ പുറത്തിറക്കുമെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷവോമി അറിയിച്ചു.

 

ക്യാമറ, ഡിസ്പ്ലേ പെര്‍ഫോമന്‍സുകൊണ്ട് ഷവോമി 13 സീരീസിന് മികച്ച ജനപ്രീതിയാണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരവ് നടത്തിക്കൊണ്ടിരുന്ന ഷവോമിയെ അടുത്തിടെ സാംസങ് പിന്തള്ളുകയായിരുന്നു. പക്ഷേ ഡിസൈനിലും ക്യാമറയിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ എസ് 24 സീരീസ് അവതരിപ്പിച്ചത് സാംസങ് ആരാധകരെ നിരാശരാക്കി. ഇന്ത്യന്‍ വിപണിയില്‍ ഈ അവസരം മുതലെടുക്കാന്‍ 14 സീരീസിലൂടെ ഷവോമിക്ക് സാധിക്കുമോ എന്ന് കണ്ടറിയണം.

 

ലെയ്ക-സമ്മിലെകസിന്‍റെ 'ലൈറ്റ് ഹണ്ടർ 900' സെൻസറുള്ള ക്യാമറ തന്നെയായിരുന്നു ഷവോമി 13 ന്‍റെ പ്രധാന സവിശേഷത. മികച്ച ക്യാമറ പെര്‍ഫോമന്‍സ് ടെക് ലോകത്ത് ചര്‍ച്ചയായിരുന്നു. 50മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 50എംപി ടെലിഫോട്ടോ ലെൻസ്, 50എംപി അൾട്രാവൈഡ് ക്യാമറ എന്നിവയ്ക്കൊപ്പം 32എംപി സെൽഫി ക്യാമറ കൂടി ചേര്‍ന്നതാണ് ക്യാമറ മൊഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഐആര്‍ ബ്ലാസ്റ്റര്‍, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് സംവിധാനങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റീരിയോ സ്പീക്കറുകളില്‍ ഡോള്‍ബി അറ്റ്മോസ് സംവിധാനവും ഉണ്ട്. മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗണ്‍ ജെന്‍ 3 ചിപ്പ് സെറ്റാണ് മോഡലുകളില്‍ നല്‍കിയിരിക്കുന്നത്. ഷവോമി 14 ന് 6.36 ഇഞ്ച്, 14 പ്രോയ്ക്ക് 6.73 ഇഞ്ച് എന്നിങ്ങനെയാണ് ഡിസ്പ്ലേയുടെ വലുപ്പം. ഇരു മോഡലുകള്‍ക്കും 120Hz ആമോലെഡ് ഡിസ്പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്.

 

വെള്ളവും പൊടിയും ഫോണിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ IP68 റേറ്റിങ്ങും നല്‍കിയിട്ടുണ്ട്. 90W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4610mAh ബാറ്ററിയാണ് Xiaomi 14 ല്‍ ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ പ്രോ പതിപ്പിലെ 4,880mAh ബാറ്ററി 120W ഫാസ്റ്റ് ചാർജിംഗ് സപ്പോര്‍ട്ട് ഉള്ളതാണ്.

10W റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ് സംവിധാനം രണ്ട് ഫോണുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഷവോമി 14ന് 55,000 രൂപയും 14 പ്രോയ്ക്ക് 80,000 രൂപയുമാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കാവുന്ന വില

Xiaomi 14 Series Confirmed to Launch Globally on February 25