rose-day-07

വാലന്‍റൈന്‍സ് വീക്ക് അടുത്തെത്തിക്കഴിഞ്ഞു. ഫെബ്രുവരി ഏഴിന് തുടങ്ങി പതിനാലിന് അവസാനിക്കുന്ന പ്രണയസുരഭില ദിനങ്ങള്‍. ഇതിന്‍റെ ആദ്യ ദിനമാണ് റോസ് ഡേ. പ്രണയിതാക്കള്‍ തങ്ങളുടെ പ്രണയത്താല്‍ ചുവപ്പിച്ച റോസാപ്പൂക്കള്‍ പരസ്പരം കൈമാറുന്ന ദിനമാണ് റോസ് ഡേ.

 

വാലന്‍റൈന്‍സ് ദിനത്തിന് മുന്‍പുള്ള ഏഴ് ദിനങ്ങളും പ്രണയവുമായി ബന്ധമുള്ള ആഘോഷദിവസങ്ങളാണ്. ഇതില്‍ ആദ്യം ഫെബ്രുവരി ഏഴിന് റോസ് ഡേ. പ്രണയിക്കുന്നവര്‍ പരസ്പരം കാണുകയും ചെമ്പനീര്‍പ്പൂക്കള്‍ കൈമാറുകയും ചെയ്യുന്ന ദിവസം. റോസ് ദിനത്തില്‍ ലോകം ചുവപ്പുനിറമാര്‍ന്ന പ്രണയത്തണലാവുന്നു. റോസാപൂക്കളോ പൂച്ചെണ്ടുകളോ പങ്കിടും, റോസാപൂ പാടത്ത് പ്രണയം പങ്കിടാനെത്തും, റോസാദളങ്ങളിട്ട ചായ നുകരും, റോസാപ്പൂക്കള്‍ കൊണ്ടുള്ള സ്പാ, റോസാ ഇതളുകള്‍ നിറച്ച തളികയില്‍ വാസനത്തെലവും പനിനീരും വെള്ളവും നിറച്ച് അതിനരികില്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ച് ഗുലാബ് ഘീറും ഫലൂദയും നുണയുന്ന കാന്‍ഡില്‍ ലൈറ്റ് ഡിന്നറാവാം. അങ്ങനെ പ്രണയം പൂക്കുന്ന ഇടങ്ങളിലൊക്കെയും റോസാപ്പൂവും ചേര്‍ത്ത് വെച്ചാണ് റോസ് ഡേ കൊണ്ടാടുന്നത്. 

 

റോസ് ഡേക്ക് ചരിത്രപ്രാധാന്യം കൂടിയുണ്ട്. റോമന്‍ പുരാണങ്ങളില്‍ റോസാപ്പൂക്കള്‍ അഭിനിവേശത്തിന്‍റെയും നിഗൂഡതയുടേയും പ്രതീകമാണ്. ഏഷ്യന്‍ അറബിക് സംസ്കാരങ്ങളില്‍ സൗന്ദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അടയാളമായിരുന്നു. മുടി രണ്ട് വശത്തും പിന്നിയിട്ട് അതില്‍ റോസാപ്പൂവും തിരുകി പ്പോകുന്ന പെണ്‍കൊടിമാര്‍ റോസ് ഡേയൊക്കെ പരിചിതമാവും മുന്‍പ് തന്നെ നമ്മുടെ നാട്ടിലെ പ്രണയപ്രതീകങ്ങളായിരുന്നില്ലേ.വിക്ടോറിയന്‍ സംസ്കാരത്തില്‍ വാല്‍സല്യത്തിന്‍റെ അടയാളമാണ് റോസാപ്പൂക്കള്‍. തീവ്രവികാരങ്ങളിലും  ആര്‍ദ്രമായൊരു തഴുകലോ സാന്ത്വനമോ കൂടിയാണ് പ്രണയം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് റോസ് ഡേ. 

 

 Rose day celebration ahead of Valentine's day