കാറിനുള്ളില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് അപകടകരമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

car-sleeping
SHARE

കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ മരണകാരണം വിഷവാതകം ശ്വസിച്ചതിനാലാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ആദ്യമായല്ല. ഇത്തരത്തിൽ ഒരു മരണം സംഭവിക്കുന്നത്. ഇതിന് മുൻപും നിരവധി ആളുകൾ ഇത്തരം വിഷവാതകം ശ്വസിച്ചു മരണപെട്ടിട്ടുണ്ട്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ എ.സി. ഓൺ ചെയ്യാതെ കാറിൽ സഞ്ചരിക്കുന്നത് ചിന്തിക്കാനാകില്ല. വേനൽക്കാലമായാലും മഴക്കാലമായാലും വാഹനങ്ങളിലെ എ.സി. ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.ദീർഘ ദൂര യാത്രയിൽ കാർ അൽപം നേരം വഴിയരികിൽ നിർത്തി എ.സി ഓൺ ചെയ്ത് വിശ്രമിക്കുന്ന സ്വഭാവമുള്ളവർ ധാരാളമുണ്ട്. അത്തരക്കാർ ഒന്ന് ശ്രദ്ധിക്കുക. കാരണം അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയാണിത്.

അപൂർവമെങ്കിലും എന്താണ് ഇത്തരം മരണങ്ങൾക്ക് കാരണം??

പെട്രോൾ/ഡീസൽ ജ്വലിപ്പിച്ചാണ് കാറിന്റെ എൻജിൻ പ്രവർത്തിപ്പിക്കുന്നത്.പൂർണ്ണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ്ണമായ ജ്വലനം നടക്കുമ്പോൾ, അതായത് ജ്വലനത്തിന് ആവശ്യമായ ഓക്സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇങ്ങനെ  ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ഏകദേശം  30,000 പാര്‍ട്സ് പെര്‍ മില്യണ്‍ കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇത് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ' എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാർബണ്‍ ഡൈ ഓക്സൈഡ് ആക്കി മറ്റും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശ്നവും ഉണ്ടാക്കാറില്ല. എങ്കിലും തുരുമ്പിച്ചോ, മറ്റു  കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ  'ക്യാറ്റലിറ്റിക്ക് കോൺവെർട്ടറിൽ' എത്തുന്നതിനും മുൻപേ കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം പുറത്തേക്കു വരാം. അതല്ല ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം. ഇത്തരത്തിൽ ഏതെങ്കിലും കാരണം കൊണ്ട് ഈ പുക അകത്തു കയറിയാൽ അത് അപകടമാണ്.

ഈ അവസ്ഥ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിൽ ആണെങ്കില്‍ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇതിലെ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷെ, നിർത്തിയ വാഹനത്തിൽ ഇത് ദ്വാരങ്ങളിൽ കൂടി അകത്തേയ്ക്ക് കടക്കാം. ഇത് കുറെ സമയം ശ്വസിച്ചാൽ മരണം സംഭവിക്കാം. എസി യിൽ ഉറങ്ങിപ്പോകുന്ന പലർക്കും കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം മനസിലാകണമെന്നില്ല. ഈ ‘പുക’ ഏറെ നേരം ശ്വസിച്ചാൽ, അതു രക്തത്തിലെ ഓക്സിജന്റെ അളവു കുറയാൻ കാരണമാകുന്നു.. അത് മരണത്തിനു  കാരണമായിത്തീരുന്നു.

എയർ കണ്ടിഷൻ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാൽ കാറിനുള്ളിലെ കാർബൺ മോണോക്സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്സിജൻ രക്‌തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് വിവിധ ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാൽ ഓക്സിജനൊപ്പം കാർബൺ മോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺ മോണോക്സൈഡിനൊപ്പം ചേരാനാണ്.കാർബൺ മോണോക്സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യമായ പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കാൻ കാരണമാകും.ശരീരത്തെ മരണാസന്നമാക്കാൻ കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റു മതി.ശ്വാസതടസ്സം, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്.

എങ്ങനെ പ്രതിരോധിക്കാം??

*യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വിഷ വാതകം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ചൂടുകാലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളില്‍ കയറിയ ഉടന്‍ എസി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഉയര്‍ന്ന തോതില്‍ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്.

സാധാരണ അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ബെന്‍സൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയര്‍ഫീറ്റാണ്.

ബെന്‍സൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെന്‍സൈം വാതകം കരളിനെയും വൃക്കകളെയും വിഷ മയമാക്കുന്നു.

* എ സി ഓണ്‍ ചെയ്യുന്നതിനു മുമ്പ് ചില്ലുകള്‍ താഴ്ത്തി ശുദ്ധവായു ഉള്ളില്‍ കടത്തിയശേഷം മാത്രം എ സി പ്രവര്‍ത്തിപ്പിക്കാൻ ശ്രദ്ധിക്കുക.

* ഏറെ നേരം വെയിലത്ത് കിടന്ന വാഹനം ഓൺ ആക്കുമ്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിക്കുക. ചൂടു വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ ഇതു സഹായിക്കും. അതിനുശേഷം മാത്രം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക.

*പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം എസിയുടെ വെന്‍റിലേഷൻ അഥവാ പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന മോഡ് ഇടുക. 

* എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക.

*കുട്ടികളെ കാറിലിരുത്തി പോകുന്നത് മറ്റൊരു പ്രധാന അപകടമാണ്. കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകേണ്ടിവന്നാൽ തന്നെ വിൻഡോ 3–4 സെ.മീ എങ്കിലും ഉയർത്തിവയ്ക്കുക. പവർ വിൻഡോ ആണെങ്കിൽ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിൻഡോയ്ക്കിടയിൽ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്.

*വീട്ടിലാണെങ്കിലും പാർക്കു ചെയ്ത കാറിന്റെ ഗ്ലാസും മറ്റും അടച്ചിടുക. അബദ്ധത്തിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിപ്പോകാതിരിക്കാൻ ഇത് സഹായിക്കും.

*വളർത്തുമൃഗങ്ങളേയും നിർത്തിയിട്ട കാറിനുള്ളിൽ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളിൽ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാൽ എത്രയും വേഗം പുറത്തുകടക്കാൻ ശ്രമിക്കുക.

*ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആൾ ബോധരഹിതനാണെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്സിജൻ നൽകാൻ ശ്രമികുക.

MORE IN SPOTLIGHT
SHOW MORE