'സിനിമയ്ക്ക് വേണ്ടി ദാമ്പത്യ ജീവിതം വേണ്ടന്നുവച്ച വ്യക്തി'; അനുസ്മരിച്ച് സുരഭി

surabhi-vinod-thomas
SHARE

മലയാള സിനിമാപ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് സിനിമയില്‍ നിന്നും വീണ്ടുമൊരു വേര്‍പാടുണ്ടായിരിക്കുകയാണ്. നടന്‍ വിനോദ് തോമസിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ഇപ്പോഴിതാ, നടൻ വിനോദ് തോമസിനെ അനുസ്മരിച്ച്  നടി സുരഭി ലക്ഷ്മി. 'കുറി' എന്ന സിനിമയില്‍ വിനോദിനൊപ്പം ഒരുമിച്ചഭിനയിച്ചപ്പോള്‍ മുതലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് നടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. വിനോദ് എന്തൊരു നടനായിരുന്നു. പെട്ടന്നുള്ള വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എല്ലാവരോടും  ബഹുമാനത്തോടു കൂടി പെരുമാറുന്ന മികച്ച അഭിനേതാവായിരുന്നു അദ്ദേഹമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ താരം വ്യക്തമാക്കി. സിനിമയ്ക്ക് വേണ്ടി ദാമ്പത്യജീവിതം പോലും വേണ്ടന്നുവച്ച വ്യക്തിയായിരുന്നുവെന്നും സിനിമയില്‍ നല്ലൊരു സ്ഥാനത്തു എത്തുന്നതിന് മുന്‍പാണ് ഈ വിയോഗമെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു!🫂❤️...... ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും , ആവേശവും,നാടകവും, പാട്ടും, തമാശകളും ചർച്ചകളുമായി.....

"കുറി "എന്ന സിനിമയിൽ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്.പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്റെ പാട്ടുകൾ യൂട്യൂബിൽ വന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു".

 എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ്‌ ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്. ......

" mam" എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓർമ്മയില്ല. പലവട്ടം ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്

എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്.

 അപ്പോൾ സാഗർ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികൾ ഉണ്ടെങ്കിൽ പറയൂ,തൃശ്ശൂർ ഭാഗത്ത് ഞാനും നോക്കാം.

" അതല്ല സ്ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്.ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാൾ എന്റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്റെ "കല"ക്ക് വേണ്ടിയാണ്....." അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ.......

കഴിഞ്ഞ ദിവസമാണ് വിനോദിനെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളിലെ എസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന സംശയത്തിലാണ് പൊലീസ്. ഹാപ്പി വെഡ്ഡിംഗ്, അയ്യപ്പനും കോശിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, നത്തോലി ചെറിയ മീനല്ല, കുറി, ഭൂതകാലം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Surabhi Lakshmi's facebook post about Vinod Thomas goes viral

MORE IN SPOTLIGHT
SHOW MORE