arrest

പൊലീസ് സ്റ്റേഷനിൽ നിന്ന് 125 കുപ്പി മദ്യവും 15 ടേബിൾ ഫാനും മോഷ്ടിച്ച അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ബകോർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഏകദേശം 1.97 ലക്ഷം വില മതിക്കുന്ന മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും മോഷ്ടിച്ചതിന് ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്തു.

ടേബിള്‍ ഫാനുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഗുജറാത്തിലേക്ക് മദ്യം കടത്താൻ ശ്രമിച്ച ഒരാളിൽ നിന്ന് 482 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 75 ടേബിൾ ഫാനുകളും പിടിച്ചെടുത്തിരുന്നു. സ്റ്റോര്‍ റൂം ഫുള്‍ ആയതിനാല്‍  പൊലീസ് സ്റ്റേഷനിലെ വനിതാ ലോക്കപ്പിലാണ് പിടിച്ചെടുത്ത മദ്യക്കുപ്പികളും ഫാനുകളും സൂക്ഷിച്ചിരുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി എസ് വാൽവി അറിയിച്ചു. 

മുതിർന്ന ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്നതിനാല്‍, പിടിച്ചെടുത്ത വസ്തുക്കളുടെ രേഖ പുതുക്കാനും പൊലീസ് സ്റ്റേഷൻ വൃത്തിയാക്കാനും പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലോക്കപ്പ് വൃത്തിയാക്കുന്നതിനിടെയാണ് മദ്യകുപ്പികള്‍ കാണാതായ വിവരമറിയുന്നത്.

ഒക്ടോബർ 25ന് എ.എസ്.ഐ അരവിന്ദ് കാന്താണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  രാത്രി 10 മണിയോടെ അരവിന്ദ് കാന്ദ് ഹെഡ് കോൺസ്റ്റബിൾ ലളിത് പർമാറിന്‍റെ നേതൃത്വത്തിൽ ലോക്കപ്പിൽ പ്രവേശിക്കുന്നതിന്‍റെയും മദ്യക്കുപ്പികളുമായി പുറത്തുവരുന്നതിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 380 (മോഷണം), മറ്റ് പ്രസക്തമായ കുറ്റങ്ങൾ എന്നിവ പ്രകാരമാണ്  അറസ്റ്റ് ചെയ്തത്. ഇവരെ സഹായിച്ചതായി ആരോപിക്കപ്പെടുന്ന പ്രദേശവാസിയായ ആറാം പ്രതി ഇപ്പോഴും ഒളിവിലാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പി എസ് വാൽവി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. 

Five cops arrested for stealing seized liquor and table fans