
എംവിഡി വേട്ടയ്ക്ക് ഇടയിലും ജനപിന്തുണ നേടി സര്‍വീസ് തുടരുകയാണ് റോബിന്‍ ബസ്. വഴിയരികില്‍ കാത്തുനിന്ന ജനങ്ങള്‍ പൂക്കള്‍ വിതറിയാണ് പിന്തുണ അറിയിച്ചത്. ഇക്കൂട്ടത്തില്‍ കയ്യില്‍ മാലയുമായി കാത്ത് നിന്ന് ഒരു കുട്ടിയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ൈവറലാണ്. ബസ് കൈ കാണിച്ച് നിര്‍ത്തിയ ശേഷം ഉടമ ഗിരീഷിനെ മാല ധരിപ്പിച്ചായിരുന്നു കുടുംബത്തിന്റെ പിന്തുണ. മധുരം നല്‍കിയാണ് കുട്ടിയെ ബസ് ഉടമ യാത്രയാക്കിയത്. ഇത്തരത്തില്‍ ഒട്ടേറെ പേരാണ് ബസ് ഉടമയ്ക്ക് പിന്തുണയുമായി എത്തിയത്. ഇന്ന് മാത്രം 37,500 രൂപയാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എംവിഡി റോബിന്‍ ബസിന് പിഴ ചുമത്തിയത്.
രാവിലെ അഞ്ചിന് പുറപ്പെട്ടതിന് പിന്നാലെ പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പിന്റെ ആദ്യ പരിശോധന. പാലാ കൊച്ചിടപ്പാടിയിലെ രണ്ടാം പരിശോധനയിൽ ഗതാഗതക്കുരുക്ക് കൂടിയതോടെ നാട്ടുകാർ മോട്ടോർ വാഹനവകുപ്പിനെതിരെ പ്രതിഷേധിച്ചു. അങ്കമാലിയിലും തൃശൂർ പുതുക്കാടും പരിശോധന തുടർന്നു. പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട ബസിന് നൂറിലധികം കേന്ദ്രങ്ങളിലാണ് സ്വീകരണം ലഭിച്ചത്. ബസുടമ നടത്തുന്നത് നിയമ ലംഘനമെന്ന് മന്ത്രി ആന്റണി രാജു.
മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ പിഴയാണ് വാളയാർ എത്തുന്നതിനിടയിൽ മോട്ടോർ വാഹനവകുപ്പ് ചുമത്തിയത്. കോടതി പറയും വരെ റോബിൻ ബസ് നിരത്തിലുണ്ടാകുമെന്ന് ഉടമ. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയും ആളുകളുടെ സ്വീകരണ തിരക്കും കാരണം ബസിന്റെ മുൻ നിശ്ചയിച്ച സമയ ക്രമം ഏറെ വൈകി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നെങ്കിലും പാലക്കാട് ജില്ലയിൽ ഒരിടത്തും ബസ് നിർത്തിയുള്ള പരിശോധനയുണ്ടായില്ല. നാല് അൻപതിന് ബസ് വാളയാർ അതിർത്തി കടന്ന് കോയമ്പത്തൂരിലേക്ക് യാത്ര തുടർന്നു.