ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി എഐ നിര്‍മിത വിഡിയോകള്‍ പോസ്റ്റ് ചെയ്ത് രസിക്കാം. ടെക്സ്റ്റ് പ്രോംപ്റ്റ്, അഥവാ വാക്കുകളില്‍ നിന്ന് വിഡിയോ സൃഷ്ടിക്കാന്‍ കഴിയുന്ന ജനറേറ്റിവ് എഐ ടൂളുകള്‍ മെറ്റ പുറത്തിറക്കി. എമു വിഡിയോ, എമു എഡിറ്റ് എന്നിവയാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും തരംഗം തീര്‍ക്കാന്‍ രംഗത്തുവരുന്നത്. ടെക്സ്റ്റ് പ്രോംപ്റ്റ് വഴി ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന എന്‍ഹാന്‍സ്ഡ് ഇമേജ് ജനറേഷന്‍ ടൂളിന്റെ പുതിയ അവതാരമാണ് ഇവ രണ്ടും.

എമു വിഡിയോ

ഏത് വിഡിയോ വേണമെന്ന് നിങ്ങള്‍ എഴുതി നല്‍കുക (ടെക്സ്റ്റ് പ്രോംപ്റ്റ്). ആ ടെക്സ്റ്റില്‍ നിന്ന് എമു വിഡിയോ ആദ്യം ചിത്രങ്ങള്‍ക്ക് രൂപം നല്‍കും. തുടര്‍ന്ന് ഈ ചിത്രങ്ങളില്‍ നിന്ന് വിഡിയോ രൂപപ്പെടുത്തും. മെറ്റ നേരത്തേ പുറത്തിറക്കിയ മെയ്ക്ക്–എ–വിഡിയോ ടൂളിനേക്കാള്‍ ലളിതമാണ് എമു വിഡിയോ വഴിയുള്ള വിഡിയോ ജനറേഷന്‍. നാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അടിക്കുറിപ്പ് ചേര്‍ത്ത വിഡിയോകള്‍ നിങ്ങള്‍ക്ക് ലഭിക്കും. 16 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് ഫോര്‍മാറ്റില്‍ 512 X 512 റെസൊല്യൂഷനിലുള്ള വിഡിയോകളാണ് പുതിയ ടൂള്‍ സൃഷ്ടിക്കുന്നത്.

 

എമു എഡിറ്റ്

ഇമേജ് എഡിറ്റിങ്ങില്‍ വിപ്ലവം സൃഷ്ടിക്കുന്നതാണ് എമു എഡിറ്റ്. നമ്മള്‍ ടെക്സ്റ്റ് രൂപത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് നല്‍കുകയാണ് ഈ ടൂള്‍ ചെയ്യുന്നത്. ഭാഷയെ ഓരോരുത്തരും ഉപയോഗിക്കുന്ന രീതി തിരിച്ചറിഞ്ഞ് സുന്ദരമായി എഡിറ്റ് ചെയ്യാനുള്ള ശേഷി എഐ ആര്‍ജിക്കുന്നതിന്റെ തെളിവായാണ് മെറ്റ് ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്. എമു എഡിറ്റിന്റെ കൃത്യതയും സര്‍ഗാത്മക സ്വഭാവവും യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന ദൃശ്യവിന്യാസവുമെല്ലാം ജനറേറ്റിവ് ഐഐയുടെ വികാസത്തിന്റെ കൂടി ഫലമാണ്. 

മെറ്റാവേഴ്സ് എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളായി കണക്കാക്കപ്പെടുന്ന സാങ്കേതികവിദ്യകളുടെ പരീക്ഷണം കൂടിയാണിത്. മെറ്റ എഐ, പഴ്സണല്‍ അസിസ്റ്റന്റ്,  മള്‍ട്ടി മോഡാലിറ്റി ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവയെല്ലാം പണിപ്പുരയിലുണ്ട്. 

 

Emu Video and Emu Edit: Meta launches AI tools for video creation and image editing