ആ പ്രവചനത്തിന് 11 വയസ്; 50-ാം സെഞ്ചറി; കോലി കിങായി... കാണാന്‍ ഷിജുവില്ല; കണ്ണീര്‍

kohlishijunew-16
SHARE

ഇന്ത്യയിൽ ക്രിക്കറ്റ്‌ ഒരു മതമാണെന്ന് പറയാറുണ്ട്. ആ മതത്തിന് ഒരു ദൈവമേയുള്ളു  സച്ചിൻ ടെൻഡുൽക്കർ. എണ്ണാൻ കഴിയാത്തത്ര റെക്കോർഡുകൾ സ്വന്തമാക്കിയാണ് ക്രിക്കറ്റ്‌ ദൈവം കളി അവസാനിപ്പിച്ചത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ഏകദിന ക്രിക്കറ്റിലെ 49 സെഞ്ചറിയെന്ന റെക്കോർഡ്. സച്ചിൻ കളി നിർത്തുമ്പോൾ ആ റെക്കോർഡ് സച്ചിന്റെ പേരിൽ തന്നെ എന്നെന്നെക്കും നിലനിൽക്കുമെന്നാണ് കളി ആരാധകർ കരുതിയത്. അതല്ലെങ്കിൽ അങ്ങനെയൊരു റെക്കോർഡ് മറികടക്കാനാകുന്ന ഒരാൾ ഉണ്ടാകുമെന്ന് വിശ്വസിക്കാൻ നാം പരുവപ്പെട്ടിരുന്നില്ല. എന്നാൽ ഇന്നാ റെക്കോർഡ് വിരാട് കോലിയെന്ന ക്രിക്കറ്റ്‌ രാജാവ് തിരുത്തിക്കുറിച്ചിരിക്കുന്നു. അതയാൾ നേടിയത് സാക്ഷാൽ സച്ചിനെ സാക്ഷിയാക്കി സച്ചിന്റെ ഹോം ഗ്രൗണ്ടിൽ ആണെന്നതും കാലം കാത്തുവച്ച കാവ്യ നീതി. കോലിയുടെ കരിയറിന്റെ തുടക്കത്തിൽ അയാൾ സച്ചിന്‍റെ റെക്കോർഡ് മറികടക്കുമെന്ന് വിശ്വാസിച്ചിരുന്നവർ എത്ര പേരുണ്ടാകും

സച്ചിന്റെ 49 സെഞ്ചുറിയെന്ന റെക്കോർഡ് കോലി മറികടക്കുമെന്ന് ഉറച്ചു വിശ്വാസിച്ചിരുന്ന ഒരാളുണ്ട്. കൊച്ചി ഇടപ്പള്ളി സ്വദേശി ഷിജു ബാലാനന്ദൻ. പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയ്ക്കെതിരെ കോലി സെഞ്ചറി നേടിയപ്പോൾ ഷിജു ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു..'സച്ചിന്റെ ഏകദിന സെഞ്ചറികളുടെ റെക്കോർഡ് കോലി മറികടക്കും'.  പോസ്റ്റിൽ കമന്റുകളുടെ ബഹളം. സ്വപ്നത്തിന് പരിധികളുണ്ടെന്ന് പലരും പറഞ്ഞെങ്കിലും ഷിജു തന്റെ പ്രവചനത്തിൽ ഉറച്ചു നിന്നു. പിന്നീടങ്ങോട്ട് കോലി നേടുന്ന ഓരോ സെഞ്ചറികളും കമന്‍റുകളായി ആ പോസ്റ്റിൽ രേഖപ്പെടുത്തി 35–ാം സെഞ്ചറി വരെ അത് തുടർന്നു. അതിനു ശേഷം തന്റെ പ്രവചനം ഓർമിപ്പിക്കാനോ സെഞ്ചറികൾ അടയാളപ്പെടുത്താനോ അയാൾ എത്തിയില്ല. മരണം കാർ ആക്‌സിഡന്‍റിന്‍റെ രൂപത്തിൽ ക്രിക്കറ്റ്‌ ഇല്ലാത്ത ലോകത്തേക്ക് അയാളെ കൂട്ടിക്കൊണ്ട് പോയിരുന്നു. 

അവിടെ നിന്നാണ് സൗഹൃദത്തിന്‍റെ വലിയൊരു കഥ ആരംഭിക്കുന്നത്. പിന്നീടാങ്ങോട്ട്  കോലി നേടുന്ന ഓരോ സെഞ്ചുറികളും ഷിജുവിന്റെ സുഹൃത്തുക്കൾ പ്രവചന പോസ്റ്റിനടിയിൽ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.  കോലി ചരിത്രം കുറിച്ച് അൻപതാം സെഞ്ചറി നേടിയപ്പോഴും സുഹൃത്തുക്കൾ അതാവർത്തിച്ചു. ഇതോടെ പൂർത്തിയായത് ഷിജുവിന്‍റെ കാത്തിരിപ്പ് കൂടിയാണ്. മറ്റേതോ ലോകത്തിരുന്ന് കോലിയുടെ അൻപതാം സെഞ്ചറി കണ്ട് ഷിജു സന്തോഷക്കണ്ണീർ പൊഴിക്കുന്നുണ്ടാവും.

Virat Kohli will breaks Sachin's record in ODI hundreds; man predicts it 11 years before

MORE IN SPOTLIGHT
SHOW MORE