‘ക്യാച്ച് വിട്ടതിന് രാജ്യദ്രോഹിയാക്കാന്‍ കാത്തിരുന്നവരെ സാക്ഷിയാക്കി 7 വിക്കറ്റ്’; കുറിപ്പ്

shamisandeep-16
SHARE

ലോകകപ്പ് സെമിയിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ടീം ഇന്ത്യയെ അഭിനന്ദിച്ചും മുഹമ്മദ് ഷമിയെ പ്രശംസിച്ചുമുള്ള കുറിപ്പുകള്‍ സൈബര്‍ ലോകത്ത് നിറയുകയാണ്. രാജ്യദ്രോഹിയെന്ന് അധിക്ഷേപിക്കാന്‍ കാത്തിരുന്നവരെ കൊണ്ട് കയ്യടിപ്പിച്ച പ്രതിഭയാണ് മുഹമ്മദ് ഷമിയെന്ന് എഴുത്തുകാരനായ സന്ദീപ് ദാസ് കുറിച്ചു. ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ കൈ പിടിച്ചു കയറ്റി ഷമി കാണിച്ച ഹീറോയിസം രജിനികാന്തിന്‍റെ സിനിമകളില്‍ പോലും കാണില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. കല്ലെറിഞ്ഞ് വീഴ്ത്താന്‍ അനുവദിക്കാതെ, വർഗീയതയ്ക്കും വെറുപ്പിനും പ്രധാന സ്ഥാനമുള്ള സമകാലീന ഇന്ത്യയിൽ ഷമി കീഴടങ്ങാതെ നിൽക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. ഏഴുവിക്കറ്റുമായി അതിശയിപ്പിക്കുന്ന പ്രകടനമാണ് മുഹമ്മദ് ഷമി ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തില്‍ കാഴ്ച വച്ചത്. 9.5 ഓവറില്‍ 57 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഈ നേട്ടം. നാല് തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം ഷമി ഈ ലോകകപ്പില്‍ ആവര്‍ത്തിച്ചത്. സന്ദീപ് ദാസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ....

'കെയ്ൻ വില്യംസന്‍റെ ക്യാച്ച് പാഴാക്കിയ  മുഹമ്മദ് ഷമിയെ രാജ്യദ്രോഹി എന്ന് വിളിച്ച് അധിക്ഷേപിക്കാൻ ഒരു പറ്റം ആളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെ സാക്ഷികളാക്കി ഷമി 7 വിക്കറ്റുകൾ പിഴുതു! ഇന്ത്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് കൈ പിടിച്ച് കയറ്റി! സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങൾ...!സെമിഫൈനൽ കാണാൻ സാക്ഷാൽ രജിനീകാന്ത് സന്നിഹിതനായിരുന്നു. ഷമി കാണിച്ചത് പോലുള്ള ഹീറോയിസം രജനീകാന്തിന്‍റെ സിനിമകളിൽ പോലും കാണാൻ പ്രയാസമായിരിക്കും!!

shamiwickets-19

398 എന്ന പടുകൂറ്റൻ വിജയലക്ഷ്യത്തെ തെല്ലും ഭയക്കാതെ ഡാരിൽ മിച്ചലും കെയ്ൻ വില്യംസനും ബാറ്റ് വീശിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ജസ്പ്രീത് ബുംറയുടെ പന്തിൽ വില്യംസൻ നൽകിയ ക്യാച്ച് ഷമി പാഴാക്കി! സിറ്റർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിമ്പിൾ ചാൻസാണ് ഷമി കൈവിട്ടത്! വാങ്കഡെ സ്റ്റേഡിയത്തിൽ ശ്മശാന മൂകത പരന്നു. അവിടത്തെ ആൾക്കൂട്ടം ഒരു കുറ്റവാളിയെപ്പോലെ ഷമിയെ തുറിച്ചുനോക്കി! മറ്റ് ഇന്ത്യൻ ഫീൽഡർമാരും പിഴവുകൾ വരുത്തിയിരുന്നു. വില്യംസനെ റണ്ണൗട്ടാക്കാനുള്ള അവസരം കെ.എൽ രാഹുൽ മുതലെടുത്തിരുന്നില്ല. മോശം ഫീൽഡിങ്ങിലൂടെ ബുംറ കിവീസിന് ഒരു ബൗണ്ടറി സമ്മാനിച്ചിരുന്നു. മിച്ചലിനെതിരെ അനാവശ്യമായി ത്രോ ചെയ്ത രവീന്ദ്ര ജഡേജ നാല് റൺസ് എതിരാളികൾക്ക് ദാനമായി നൽകിയിരുന്നു. ഇന്ത്യ കളി തോറ്റിരുന്നുവെങ്കിൽ മറ്റ് ഫീൽഡർമാരുടെ പോരായ്മകളെല്ലാം മനുഷ്യസഹജമായ പിഴവുകളായി അംഗീകരിക്കപ്പെടുമായിരുന്നു. പക്ഷേ ഷമിയുടെ സ്ഥിതി അതാകുമായിരുന്നില്ല. അയാൾ കൈവിട്ട ക്യാച്ച് രാജ്യദ്രോഹക്കുറ്റമായി വ്യഖ്യാനിക്കപ്പെടുമായിരുന്നു.  മുഹമ്മദ് ഷമി എന്ന പേര് പോലും ഹിന്ദുത്വവാദികൾക്ക് അലർജിയാണ്!

പക്ഷേ തന്നെ കല്ലെറിഞ്ഞ് വീഴ്ത്താൻ ഷമി അനുവദിച്ചില്ല. പുതിയ സ്പെല്ലിന് എത്തിയ അയാൾ കേവലം മൂന്ന് പന്തുകൾ കൊണ്ട് വില്യംസൻ്റെയും ടോം ലേതത്തിൻ്റെയും കഥ കഴിച്ചു!  അതോടെ കിവീസിന്‍റെ ചേസ് പാളം തെറ്റിയ തീവണ്ടിയുടെ അവസ്ഥയിലായി. മൂർദ്ധാവിൽ ഷമി കൊടുത്ത അടിയിൽ നിന്ന് അവർ പിന്നീട് മോചിതരായില്ല! വാലറ്റക്കാരായ സൗത്തി,ഫെർഗൂസൻ എന്നിവരെ വീഴ്ത്തി ഇന്ത്യൻ ജയം പൂർത്തിയാക്കിയത് ഷമി ആയിരുന്നു. പ്രീമിയം ബോളർമാരായ ബുമ്രയും സിറാജും അടിവാങ്ങിയ സമയത്ത് കോൺവേയും രചിൻ രവീന്ദ്രയും അടങ്ങിയ ടാസ്മാനിയൻ ടോപ് ഓർഡറിനെ തുടച്ചുനീക്കിയതും ഷമി ആയിരുന്നു! ആകെമൊത്തം ഒരു ഷമി ഷോ!

shamicelebration-16

ഏഴ് വർഷങ്ങൾക്കുമുമ്പ് ഷമിയുടെ പിതാവായ തൗസീഫ് അഹമ്മദ് ഒരു പരസ്യപ്രസ്താവന നടത്തിയിരുന്നു-''പശുവിന്‍റെ കൊലപാതകത്തിന്‍റെ അടിസ്ഥാനത്തിൽ ചിലർ ഞങ്ങളെ ആക്രമിക്കുകയാണ്. എന്‍റെ കുടുംബത്തിന് വർഗീയതയുടെ പ്രതിച്ഛായ നൽകാൻ അവർ നുണകൾ പറയുകയാണ്...!''പിന്നീട് ഷമി പലതവണ മതത്തിന്‍റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഷമിയെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതിന്‍റെ പേരിൽ വിരാട് കോഹ്ലിയുടെ പിഞ്ചുകുഞ്ഞിന് നേരെ റേപ് ഭീഷണി മുഴക്കാൻ പോലും ആളുകളുണ്ടായി! മനുഷ്യരൂപികളായ അത്തരം മൃഗങ്ങളോട് ഷമി ഇപ്പോൾ പറയുകയാണ്- ''എന്‍റെ രാജ്യസ്നേഹം അളക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. അടിമുടി ഇന്ത്യയാണ് ഞാൻ...!''

shamiwithrohit-16

രാജ്യത്തോടുള്ള ഷമിയുടെ വിശ്വസ്തതയെ സംശയിച്ചവർക്കുവേണ്ടി പഴയൊരു കഥ പറയാം. ഷമി ഉത്തർപ്രദേശിലാണ് ജനിച്ചുവളർന്നത്. അവിടത്തെ അണ്ടർ-19 തലത്തിലുള്ള സെലക്ടർമാരുടെ അവഗണന മൂലം ഷമി കൊൽക്കത്തയിലേയ്ക്ക് ചേക്കേറി. കൊൽക്കത്തയിലെ ഷമിയുടെ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. ഒരു ലോക്കൽ മാച്ച് കളിച്ചാൽ 500 രൂപ കിട്ടും. ടെൻ്റുകളിലും സഹതാരങ്ങളുടെ ഹോട്ടൽ മുറികളിലുമാണ് ഷമി അന്ന് താമസിച്ചിരുന്നത്. ആ സമയത്താണ് ദേവവ്രത ദാസ് എന്ന മനുഷ്യൻ ഷമിയുടെ രക്ഷകനാകുന്നത്. അദ്ദേഹം ഷമിയെ ടൗൺ ക്ലബ്ബിൽ ചേർത്തു. അതോടെ ഷമിയുടെ ജീവിതത്തിൽ പണവും പ്രശസ്തിയും ഒഴുകാൻ തുടങ്ങി. വൈകാതെ വിഖ്യാതമായ മോഹൻ ബഗാൻ ക്ലബ്ബിൽ നിന്ന് ഷമിയ്ക്ക് വിളി വന്നു. ഷമി ആ ഓഫർ നിർദ്ദയം നിരസിച്ചു! അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു- ''എനിക്കൊരു ജീവിതം തന്ന ദാസിനെയും ടൗൺ ക്ലബ്ബിനെയും വഞ്ചിക്കാൻ എനിക്ക് സാദ്ധ്യമല്ല...!'' പിന്നീട് ദാസ്  മുൻകൈ എടുത്ത് ഷമിയെ മോഹൻ ബഗാനിൽ കളിപ്പിച്ചു. ആ യാത്ര ഇപ്പോൾ ലോകകപ്പ് ഫൈനൽ വരെ എത്തിനിൽക്കുന്നു! അന്ന് ഏതാനും നോട്ടുകെട്ടുകൾക്കുവേണ്ടി ദാസിനെ ഒറ്റിക്കൊടുക്കാതിരുന്ന ഷമി മാതൃരാജ്യമായ ഇന്ത്യയെ വഞ്ചിക്കുമെന്ന് ചിന്തിച്ചവർ എത്ര വലിയ വിഡ്ഢികളായിരിക്കണം...!! വർഗീയതയ്ക്കും വെറുപ്പിനും പ്രധാന സ്ഥാനമുള്ള സമകാലീന ഇന്ത്യയിൽ ഷമി കീഴടങ്ങാതെ നിൽക്കുകയാണ്! പൊരുതാനുള്ള തീപ്പൊരി നമ്മളിലേയ്ക്ക് പകർന്നുകൊണ്ട്'. 

Social media post on Mohamemd Shami

MORE IN SPOTLIGHT
SHOW MORE