friends-farming-in-kozhikode

ബിസിനസ് ചതിച്ചപ്പോള്‍  കൃഷിയിടങ്ങളിലേക്കിറങ്ങിയ സുഹൃത്തുക്കള്‍ക്ക് നൂറുമേനി നേട്ടം. കോഴിക്കോട് പെരുവയലിലാണ് പാട്ടത്തിനെടുത്ത നാലരയേക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിചെയ്തും വിളകള്‍ സ്വന്തമായി വിറ്റഴിച്ചും ഇവര്‍ മാതൃകയാകുന്നത്. പുലര്‍ച്ചെയിറങ്ങും കൃഷിയിടത്തില്‍. കള പറിച്ചും, വെള്ളം തളിച്ചും വരമ്പിലൂടെ നടക്കുമ്പോള്‍ പ്രഭാകരന്‍റെയും രമേശന്‍റെയും മുഖത്തിന്ന് സന്തോഷം മാത്രം. ലോറി സര്‍വീസ് നടത്തിയിരുന്ന പ്രഭാകരനും പലചരക്ക് കച്ചവടം ചെയ്തിരുന്ന രമേശനും നഷ്ടങ്ങള്‍ കാരണം ജീവിതം വഴിമുട്ടിയപ്പോഴാണ് കൃഷിയിടങ്ങളിലേക്കിറങ്ങിയത്. പരിശ്രമം ഫലം കണ്ടു. 

 

തുടക്കത്തില്‍ ചന്തകളില്‍ കൊണ്ടുപോയാണ് പച്ചക്കറികള്‍ വിറ്റിരുന്നത്. എന്നാലിന്ന് ആവശ്യക്കാര്‍ കൃഷിയിടത്തില്‍ തേടിയെത്തുന്നു. വിളവെടുത്ത് നിമിഷ നേരത്തിനുള്ളില്‍ സാധനങ്ങള്‍ വിറ്റുതീരും. പയര്‍, പാവല്‍, വെണ്ട, വാഴ, നെല്ല് അങ്ങനെ വിളകള്‍ പലതാണ്. നല്ല വിത്തുനോക്കി തിരഞ്ഞെടുത്ത് വിളവിറക്കി പരിചരിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ പാടത്ത് പച്ചക്കറികള്‍ നിറയും. മൂന്നുവര്‍ഷമായി ഒന്നിച്ച് കൃഷി തുടങ്ങിയിട്ട്. പിന്തുണയുമായി ഒരു നാടും. 

 

Friends farming in Kozhikode