
ഹരിത കർമ സേനാംഗങ്ങൾ ചുമന്നു കൊണ്ടു പോവുകയായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യം സ്വന്തം സൈക്കിളുകളിൽ കയറ്റി സംഭരണ കേന്ദ്രത്തിൽ എത്തിച്ച് രണ്ട് യു പി സ്കൂൾ വിദ്യാർഥികൾ. കണ്ണൂർ കുറുമാത്തൂർ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷിഫാസും മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആദിയുമാണ് നാടിനു മാതൃകയായത്. ഇവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി എം.ബി.രാജേഷും രംഗത്ത് എത്തി.
ഹരിത കർമ സേനാംഗങ്ങളായ രാജലക്ഷ്മിയും ബിന്ദുവും ശനിയാഴ്ച്ച രണ്ടരയോടെ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ചാക്കിലാക്കി നടന്നു വരുമ്പോഴാണ് കോട്ടു പുറത്ത് വച്ച് ഷിഫാസും ആദിയും മാലിന്യങ്ങൾ തങ്ങളുടെ സൈക്കിളുകളിൽ വയ്ക്കാൻ പറഞ്ഞത്. രാജലക്ഷ്മിയും ബിന്ദുവും അതിനു മടിച്ചപ്പോൾ നിർബന്ധപൂർവ്വം കുട്ടികൾ തന്നെ ചാക്കുകൾ സൈക്കിളിൽ വച്ച് ഒരു കിലോമീറ്റർ ദൂരെയുള്ള സംഭരണ ശാലയിൽ എത്തിക്കുകയായിരുന്നു. സന്തോഷം കൊണ്ടു കുട്ടികൾക്ക് മിഠായി വാങ്ങി നൽകിയപ്പോഴും അവർ മാതൃകയായിയെന്ന് രാജലക്ഷ്മി . മാലിന്യമുക്ത നവ കേരളത്തിന്റെ അംബാസിഡർമാരെന്നായിരുന്നു കുട്ടികളെ മന്ത്രി എം ബി രാജേഷ് വിശേഷിപ്പിച്ചത്.