
വിവാഹമെന്നല്ല, മറ്റെന്ത് ആഘോഷങ്ങളിലും വെറൈറ്റി നോക്കുന്നവരുടെ കാലമാണിത്. കല്യാണത്തിന് മുന്നേ നടത്തുന്ന ഫോട്ടോഷൂട്ടാണ് അതിൽ പ്രധാനം. തങ്ങളുടെ പ്രഫഷനും ഇഷ്ടങ്ങളും ഉൾപ്പടെ കോർത്തിണക്കി വേറിട്ട് നില്‍ക്കാൻ നോക്കുന്നവരുമുണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് രണ്ടാഴ്ച്ച മുൻപ് നടന്ന ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ്. ഹൈദരാബാദിൽ നിന്നുള്ള രണ്ട് പൊലീസുകാരാണ് വിഡിയോയിൽ. 2 മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോയില്‍ തങ്ങളുടെ പൊലീസ് സ്റ്റേഷനിൽ നിന്നും സിനിമാറ്റിക് സ്റ്റൈലില്‍ ഇറങ്ങി വരുന്ന ഇരുവരും വിഡിയോയിൽ നൃത്തം ചെയ്യുന്നുമുണ്ട്. ചാർമിനാറും ലാഡ് ബസാറും ചിത്രത്തിലുണ്ട്.
വിഡിയോക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പൊലീസ് സ്റ്റേഷൻ പോലുള്ള ഒരിടം സ്വകാര്യതയ്ക്ക് വേണ്ടി ഉപയോഗിച്ചതിനെ ചിലർ അപലപിച്ചു. മറ്റുചിലരാകട്ടെ, ഈ ക്രിയേറ്റിവിറ്റിയെ അഭിനന്ദക്കുന്നുമുണ്ട്. സാധാരണക്കാർ ഇത്തരത്തിൽ സർക്കാര്‍ മന്ദിരങ്ങൾ ഉപയോഗിക്കുമ്പോൾ പ്രശ്നമുണ്ടാക്കുന്നവര്‍ അതുതന്നെ ആവർത്തിക്കുന്നു എന്നുമുതൽ വിഡിയോ സിനിമ പോലെയുണ്ടന്നും ഉൾപ്പെടെ കമന്റുകൾ നീണ്ടു.
എന്നാൽ അവർ ചെയ്തതിൽ തെറ്റായി ഒന്നും കാണുന്നില്ലെന്നും അവരുടെ വിവാഹത്തിന് കുറച്ചധികം ആവേശത്തിലാണന്നും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സി വി ആനന്ദ് പ്രതികരിച്ചു. അവര്‍ മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നെങ്കിൽ കൊടുത്തേനെ എന്നും, മറ്റുള്ളവരും ഇത്തരത്തില്‍ അനുവാദമില്ലാതെ ഷൂട്ടിങ് നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു