താമരാക്ഷന്‍ പിള്ള ബസിനൊരു മലപ്പുറം മോഡല്‍; ഇത് നഗരസഭയുടെ ‘പറക്കും തളിക’

Parakkum-thalika
SHARE

 താമരാക്ഷന്‍ പിള്ള ബസിനേയും  ഉണ്ണിയേയും സുന്ദരനെയുമറിയാത്ത മലയാളികള്‍ കുറവാണ്. സിനിമാപ്രേമികള്‍ക്ക് ഏറ്റെടുത്ത താമരാക്ഷന്‍ പിള്ള ബസിന്‍റെ ഒരു മാതൃക  മലപ്പുറത്തുമുണ്ട്.    മാലിന്യസംസ്കരണത്തിനായി പറക്കും തളിക ബസിന്‍റെ മാതൃകയില്‍ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഒരുക്കിയിരിക്കുകയാണ് പെരിന്തല്‍മണ്ണ നഗരസഭ. 

സിനിമാപ്രേമികള്‍ ഏറ്റെടുത്ത ഹിറ്റ് ചിത്രം ഈ പറക്കുംതളികയിലെ കഥാപാത്രങ്ങളേയും അവരുടെ സ്വന്തം ബസിനെയുമെല്ലാം മലപ്പുറത്ത് എത്തിച്ചിരിക്കുകയാണ്  പെരിന്തല്‍മണ്ണ നഗരസഭ. നഗരസഭാ കാര്യാലയത്തിന് സമീപം തുരുമ്പെടുത്തുകിടന്ന ബസ് വൃത്തിയാക്കി ചായം പൂശി സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രവും വരച്ചു. മുന്നിലും പിന്നിലും പ്രധാനകഥാപാത്രങ്ങളായ ഉണ്ണിയും സുന്ദരനും, വശങ്ങളില്‍ വീരപ്പന്‍ കുറുപ്പും ബസന്തിയും സുന്ദരന്‍റെ പാസ്പോര്‍ട്ട് കരണ്ട എലിയും. ബസിന് പേരുമിട്ടു– താമരാക്ഷന്‍പിള്ള. ആകെ മൊത്തം കളര്‍ഫുള്‍. ചിത്രകാരന്‍ ശ്രീകൃഷ്ണനാണ് ചിത്രങ്ങളെല്ലാം വരച്ചത്. അങ്ങാടിപ്പുറം പോളിടെക്നിക്കിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഒപ്പം നിന്നു.

ഹരിതകര്‍മസേന സ്വരൂപിക്കുന്ന മാലിന്യം ബസിനുളളിലാണ് ശേഖരിക്കുന്നത്. പിന്നാലെ നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ വേര്‍തിരിച്ചെടുക്കും. മാലിന്യം ശേഖരിക്കാനായി സമാനമായ രീതിയില്‍ പലസ്ഥലങ്ങളില്‍ സൗകര്യം ഒരുക്കാനാണ് നഗരസഭയുടെ ശ്രമം.

MORE IN SPOTLIGHT
SHOW MORE