
ഒരുപാട് മാസങ്ങൾക്കുശേഷം പ്രിയ സുഹൃത്ത് മോഹൻലാലിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് എം.ജി.ശ്രീകുമാർ. ജിത്തു ജോസഫിന്റെ പുതിയ ചിത്രം ‘നേരി’ന്റെ ലൊക്കേഷനിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
‘ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു. പുതിയ ജിത്തു ജോസഫ് ചിത്രം " നേര് " എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ. ഒരുപാട് സംസാരിച്ചു, ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഓർമ്മകൾ മരിക്കുമോ ഓളങ്ങൾ നിലയ്ക്കുമോ.. ലവ് യൂ ലാലു’ എന്നായിരുന്നു എം.ജി.ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇരുവരും ചേർന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
സിനിമയിലെത്തുംമുൻപുതന്നെ സുഹൃത്തുക്കളായിരുന്നു മോഹൻലാലും എം.ജി.ശ്രീകുമാറും. മോഹൻലാൽ-പ്രിയദർശൻ ഹിറ്റ് കൂട്ടുകെട്ടിലെ ഒട്ടുമിക്ക ചിത്രങ്ങളിലെയും പാട്ടുകളിൽ ലാലിന്റെ സ്വരമായതും എം.ജി.ശ്രീകുമാറായിരുന്നു.