
പുതിയ ഐ ഫോണ്‍ 15 സീരിസ് പുറത്തിറക്കിയ ദിവസം തന്നെ ഫ്രാന്‍സില്‍ ആപ്പിളിന് തിരിച്ചടി. റേഡിയേഷന്‍ നിരക്ക് അനുവദനീയമായ പരിധിയിലും കൂടുതലാണെന്നുകാണിച്ച് ഐ ഫോണ്‍ 12 സീരിസ് ഫോണുകളുടെ വില്‍പന ഫ്രാന്‍സ് വിലക്കി. ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ എ.എന്‍.എഫ്.ആര്‍ ആണ് ഐ ഫോണ്‍ ട്വെല്‍വ് വില്‍പന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഉത്തരവ് ഇത് പ്രാബല്യത്തില്‍ വന്നു.

കയ്യിലോ പോക്കറ്റിലോ വയ്ക്കുന്ന ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതുവച്ചാണ് റേഡിയേഷന്‍ നിലവാരം തീരുമാനിക്കുന്നത്. യൂറോപ്യന്‍ നിലവാരമനുസരിച്ച് ഇത് കിലോഗ്രാമിന് 4.0 വാട്സ് മാത്രമേ പാടുള്ളു. എന്നാല്‍ ഐ ഫോണ്‍ 12ന്റെ സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റ് (SAR Value) 5.74 ആണെന്ന് എ.എന്‍.എഫ്.ആര്‍ കണ്ടെത്തി. ഇതിനകം വിറ്റുപോയ ഫോണുകളിലെ എസ്.എ.ആര്‍ തോത് ഉടന്‍ യൂറോപ്യന്‍ പരിധിയില്‍ എത്തിച്ചില്ലെങ്കില്‍ അവയും തിരിച്ചുവിളിക്കേണ്ടിവരുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

വിറ്റുപോയ ഫോണുകളിലെ പ്രശ്നം സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് വഴി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി ഴാങ് നോയല്‍ ബാരെറ്റ് പറഞ്ഞു. ഐ ഫോണ്‍ 12 ഫ്രാന്‍സില്‍ വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. രാജ്യത്തെ നിയമം ഡിജിറ്റല്‍ ഭീമന്മാരടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. എ.എന്‍.എഫ്.ആര്‍ കണ്ടെത്തലുകള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്ന് ബാരെറ്റ് അറിയിച്ചു. ഇതോടെ കൂടുതല്‍ വിപണികളില്‍ ഐ ഫോണ്‍ 12ന്റെ വില്‍പന തടസപ്പെടാനുള്ള സാധ്യത തെളിഞ്ഞു.

ഒന്നിലേറെ സ്വതന്ത്രപഠനങ്ങള്‍ നടത്തിയശേഷമാണ് ഐ ഫോണ്‍ 12 വിപണിയില്‍ എത്തിച്ചതെന്നാണ് ആപ്പിളിന്റെ വാദം. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന ലോകാരോഗ്യസംഘടനയുടെ നിലപാടും കമ്പനി ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡമനുസരിച്ച് യുഎസ്ബി–സി ചാര്‍ജിങ് പോര്‍ട്ടുമായാണ് പുതിയ ആപ്പിള്‍ 15 സീരീസ് പുറത്തിറക്കിയത്. അതിനുപിന്നാലെ ഉയര്‍ന്ന പുതിയ വിവാദം ഗാഡ്ജറ്റ് പ്രേമികളില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്.

ANFR (Agence Nationale des Fréquences) Orders Apple to Halt iPhone 12 Sales in France Due to High Radiofrequency Concerns