‘മോനെ നീ പെട്ടന്നു സുഖം ആയിട്ട് വരട്ടെ ’ ; മഹേഷിനോട് ബിനു അടിമാലി

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹാസ്യ താരം ബിനു അടിമാലി. മഹേഷിന് രോഗസൗഖ്യം ആശംസിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. നടൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിന് ഗുരുതരമായി പരുക്കേൽക്കുന്നത്. ബിനുവിനും അപകടത്തിൽ പരുക്കേറ്റിരുന്നു. ‘മോനെ നീ എത്രയും പെട്ടെന്ന് സുഖം ആയിട്ട് വരട്ടെ, ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാകും’ എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. തൃശൂരിൽ വച്ചാണ് ഇവർ സഞ്ചരിച്ച വാഹനം അപ‍കടത്തിൽപ്പെടുന്നത്. കൊല്ലം സുധി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന മഹേഷിന് ഗുരുതരമായി പരുക്കേറ്റു. ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് താരം വീട്ടിലേക്ക് തിരിച്ചെത്തിയത്.