വാഹന വില്പനയിലെ പിഴവ്; ഉടമയല്ലാത്ത യുവാവിന് പിഴയായി ലഭിച്ചത് 81,500 രൂപ

bike
SHARE

വാഹന വില്പനയിലെ പിഴവ് കാരണം 13 വർഷത്തിന് ശേഷം യുവാവിന് പിഴയായി നൽക്കേണ്ടി വന്നത് 81,500 രൂപ. കാസർകോടാണ് സംഭവം. 13 വർഷം മുൻപാണ് പടന്ന സ്വദേശിയായ യുവാവ്, കാഞ്ഞങ്ങാട്ടെ സുഹൃത്തിനു ബൈക്ക് വിറ്റത്. വിൽപ്പന നടത്തിയിരുന്നെങ്കിലും ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. ആർസി ഉടമസ്ഥത മാറ്റാനുള്ള സൈൻ ലെറ്റർ വാങ്ങിയായിരുന്നു വിൽപ്പന. പിന്നീട് ഉടമ ജോലിയുടെ ആവശ്യത്തിനായി ഗൾഫിലേക്കും പോയി. പിന്നീട് ബൈക്ക് പല വ്യക്തികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിലായി ഒരു കോഴിക്കോട് സ്വദേശിയുടെ കൈയ്യിലാണ് ബൈക്ക് എത്തിപ്പെട്ടത്. എന്നാൽ അപ്പോഴും ആർസി ഓണർ കാസർകോട് പടന്നയിലെ യുവാവ് തന്നെ. 

സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന, ബൈക്കിന്റെ നിലവിലെ ഉടമസ്ഥൻ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് താൽക്കാലികമായി ബൈക്ക് കൊടുത്തു. എന്നാൽ യാത്രയിൽ വയനാട് റോഡ് സിവിൽ സ്റ്റേഷനു സമീപം ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു. തുടർന്നാണ് വാഹനത്തിന്റെ ഉടമയായിരുന്ന ആദ്യ വ്യക്തിക്ക് പണി കിട്ടിയത്. വണ്ടി ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസുണ്ടായിരുന്നില്ല. കേസായതിനെത്തുടർന്ന് ഇൻഷുറൻസ് കമ്പനി വഴിയാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടിവന്നു. 

ലൈസൻസില്ലാത്തയാളാണ് വണ്ടി ഓടിച്ചത് എന്നു മനസ്സിലാക്കിയ ഇൻഷുറൻസ് കമ്പനി ബൈക്ക് ഉടമയ്ക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് മോട്ടർ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണൽ 81,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയും ചെയ്തു. രേഖകളനുസരിച്ച് ഉടമയായ പടന്ന സ്വദേശിക്കാണ് നഷ്ടപരിഹാരം അടക്കാനുള്ള നോട്ടിസ് ലഭിച്ചത്. വിധി വന്നപ്പോഴാണ് യുവാവ് വിവരങ്ങൾ അറിയുന്നത്. ബൈക്ക് വിൽപന നടത്തിയതാണെന്നും നിലവിൽ ഉടമ താനല്ലെന്നും യുവാവ് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.  രേഖകൾ എതിരായതിനാൽ റവന്യു വകുപ്പ് മുഖേന പിഴ ഒടുക്കേണ്ടി വന്നു.  ഒടുവിൽ പടന്ന വില്ലേജ് ഓഫിസിൽ 81,500 രൂപ കഴിഞ്ഞ ദിവസം കെട്ടിവെച്ചാണ് യുവാവ് റവന്യൂ റിക്കവറിയിൽ നിന്ന് ഒഴിവായത്. 80,000 രൂപ കൊടുത്താണ് അന്ന് പുത്തൻ ബൈക്ക് വാങ്ങിയത് എന്ന് യുവാവ് പറഞ്ഞു. 

Bike Re-Registration Issue Reported in Kasaragod

MORE IN SPOTLIGHT
SHOW MORE