
രാവിലെ എത്തുന്ന പത്രം മാത്രം മോഷ്ടിക്കുന്ന കളളന്‍. മലപ്പുറം മഞ്ചേരി പബ്ലിക് ലൈബ്രറിയിലാണ് പത്രക്കളളന്‍ സ്ഥിരം തലവേദനയായത്. ഇതോടെ കളളനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ബോര്‍ഡ് ലൈബ്രറിക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.
വായന കുറയുന്നുവെന്നാണ് പലരുടേയും പരാതി. എന്നാല്‍ മഞ്ചേരിയിലെ കഥ വ്യത്യസ്തമാണ്. വായിക്കാനുള്ള ആഗ്രഹം കൂടി പിന്നെ പത്രം മോഷ്ടിച്ചേ വായിക്കൂ എന്ന് ആര്‍ക്കോ വാശിയായതോടെ പുലിവാല് പിടിച്ചത് വായനശാല അധികൃതരും. തുടക്കത്തില്‍ ഒന്നും രണ്ടും പത്രങ്ങള്‍ ആയിരുന്നുവെങ്കില്‍ ചില ദിവസങ്ങളില്‍ പത്രങ്ങളെല്ലാം ഒന്നിച്ച് കാണാതായി. ഒടുവില്‍ കള്ളനെത്തടയാന്‍ ബോര്‍ഡ് വയ്ക്കേണ്ടി വന്നു. ബോര്‍ഡ് കണ്ടിട്ടെങ്കിലും പത്രക്കള്ളന് മനംമാറ്റം വരട്ടെയെന്ന് കരുതി.
ബോര്‍ഡ് കണ്ട് കള്ളന് സ്വയം അപമാനം തോന്നിയിട്ടോ എന്തോ കുറച്ച് ദിവസമായി പത്രങ്ങളെല്ലാം യഥാസ്ഥാനത്ത് തന്നെയുണ്ട്. പത്രം മാത്രം മോഷ്ടിക്കുന്ന കള്ളന്‍ ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലൈബ്രറി അധികൃതരും നാട്ടുകാരും. ഇനിയും മോഷണം തുടര്‍ന്നാല്‍ സിസിടിവി സ്ഥാപിക്കാനാണ് തീരുമാനം.
Man steals newspapers from public library