കന്നഡത്തില്‍ വിജയമുറപ്പുള്ള സീറ്റ് വച്ചുനീട്ടി; എന്നിട്ടും നോ പറഞ്ഞ് ശ്രീനിവാസ്; വേറിട്ട വഴി

fb-post-about-bv-sreenivas
SHARE

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍വിജയത്തോടെ ഭരണം തിരിച്ചുപിടിക്കുമ്പോള്‍, വിജയം ഉറപ്പുള്ള സീറ്റ് നല്‍കിയിട്ടും വേണ്ടെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്. ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്തോട് നീതി പുലര്‍ത്തണമെന്നും ഇരട്ടപദവി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ടിട്ടും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതുവരെ ഒരു തിരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാത്ത നേതാവ് കൂടിയാണ് ബി.വി ശ്രീനിവാസ് എന്ന കര്‍ണാടകക്കാരന്‍. ഈക്കാര്യം വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.ജി നിധിന്‍ എഴുതിയ കുറിപ്പ് ശ്രദ്ധയമാവുകയാണ്. 

കുറിപ്പ് വായിക്കാം:

 

കർണാടകയിലെ കോൺഗ്രസിന്റെ തിളക്കമാർന്ന വിജയത്തിനിടയിലും എന്നെ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യനുണ്ട്.

"ഭദ്രാവതി വെങ്കട ശ്രീനിവാസ് എന്ന ബി.വി ശ്രീനിവാസ്‌" യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ.

എല്ലാ കോണുകളിൽ നിന്നും, കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് പ്രവചിച്ച കർണാടക തെരഞ്ഞെടുപ്പിൽ, സ്ഥാനാർഥിനിർണയത്തിന്റെ തുടക്ക സമയം മുതൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും സംസ്ഥാന നേതൃത്വവും ഏറ്റവും സജീവമായി പരിഗണിച്ച പേരാണ് ബി.വി ശ്രീനിവാസിന്റെത്. ഷിമോഗ മേഖലയിൽ അദ്ദേഹത്തിന്റെ സ്വാധീനം മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് നേതൃത്വത്തോട് ആദ്യമേ തുറന്നു പറഞ്ഞു. സിദ്ധരാമയ്യയും, ഡി കെ ശിവകുമാറും പലകുറി നിർബന്ധിച്ചിട്ടും  ശ്രീനിവാസൻ എടുത്ത നിലപാടിൽ നിന്ന് പിന്നോട്ടു പോയില്ല. 

ഒടുവിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ നേരിട്ട് വിളിച്ച് മത്സരിക്കാത്തതിന്റെ കാരണം അന്വേഷിച്ചു. അന്ന് ഖാർഗയോട് അദ്ദേഹം നൽകിയ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 

"തെരഞ്ഞെടുപ്പിൽ പിന്നെയാണെങ്കിലും മത്സരിക്കാം. പ്രസ്ഥാനം എന്നെ ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമുണ്ട്. ഞാൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനാണ്.  ഒരു വർഷത്തിനിപ്പുറം നടക്കുന്ന അതി നിർണായകമായ    ലോക്സഭ തെരഞ്ഞെടുപ്പിൽ

യൂത്ത് കോൺഗ്രസിനെ സജ്ജമാക്കുകയാണ് എന്റെ ലക്ഷ്യം" 

പാർട്ടി വലിയൊരു പ്രതിസന്ധി നേരിടുമ്പോൾ വ്യക്തി താൽപര്യത്തിന് ഊന്നൽ നൽകാതെ എന്നെപ്പോലെയുള്ള സാധാരണക്കാരായ യൂത്ത് കോൺഗ്രസ്  പ്രവർത്തകരെ ഉത്തേജിപ്പിച്ച വാക്കുകളാണിത്.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കിടയിൽ വച്ചാണ് ബി.വി ശ്രീനിവാസനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തിരുവനന്തപുരം മുതൽ  നിലമ്പൂർ വരെയുള്ള യാത്രയിൽ അദ്ദേഹത്തോടൊപ്പം സ്ഥിരാംഗമായി ഉണ്ടായിരുന്നു. യാത്രയുടെ കോഡിനേഷൻ കൃത്യമായ ഏറ്റെടുത്തുകൊണ്ട്, ഒരു പരാതിക്കും സാഹചര്യം ഒരുക്കാതെയുള്ള അദ്ദേഹത്തിന്റെ നേതൃപാടവം ഞാൻ മനസ്സിലാക്കിയതാണ്.

സത്യത്തിൽ ഈ മനുഷ്യൻ, രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം തന്നെയാണ്. കോൺഗ്രസിൽ ആകൃഷ്ടനായി റെയിൽവേയിലെ ജോലി പോലും ഉപേക്ഷിച്ചു കൊണ്ടാണ് അദ്ദേഹം യൂത്ത് കോൺഗ്രസിൽ അംഗമാകുന്നത്. യൂത്ത് കോൺഗ്രസിന്റെ യൂണിറ്റ് തലം മുതൽ പ്രവർത്തിച്ചു പടിപടിയായി വിവിധ ചുമതലുകൾ വഹിച്ച് 2019-ൽ അഖിലേന്ത്യ അധ്യക്ഷനായി. സംഘടന രംഗത്ത് നിന്ന് ലഭിച്ച ആർജ്ജവും കരുത്തുമായിയാണ് അദ്ദേഹം യൂത്ത് കോൺഗ്രസിനെ നയിക്കുന്നത്.

സംഘടനാ പ്രവർത്തനത്തിനോടൊപ്പം തന്നെ  കാരുണ്യ പ്രവർത്തനങ്ങൾക്കും  അദ്ദേഹം ഊന്നൽ നൽകുകയാണ്.

കോവിഡ് അതിന്റെ രൂക്ഷതയിൽ എത്തിയ സമയത്ത്, ഡൽഹി ജീവവായുവിനായി കേണപ്പോൾ, യൂത്ത് കോൺഗ്രസിന്റെ മുഴുവൻ സംഘടനാ സംവിധാനവും പ്രവർത്തിപ്പിച്ചുകൊണ്ട് നിരവധി ജീവനുകൾ രക്ഷിച്ച മനുഷ്യസ്നേഹി. ജാതിയും മതവും രാഷ്ട്രീയവും  നോക്കാതെ ജീവവായു എത്തിച്ച ഈ മനുഷ്യന് അന്ന് ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തിന് ചാർത്തിയ പേരാണ് The Oxygen Man Of India.

രാജ്യത്ത് നടക്കുന്ന ഓരോ വിഷയങ്ങളിലും കൃത്യമായ അഭിപ്രായം പറഞ്ഞുകൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയതക്കെതിരെ ശക്തമായ നിലപാടാണ് കടിപ്പിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് പലപ്പോഴും അദ്ദേഹം ഇരയായിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം യൂത്ത് കോൺഗ്രസിനെ ചങ്കൂറ്റത്തോടെ നയിക്കുന്നത്.  

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ വഞ്ചനക്കെതിരെയും, യുവജനങ്ങൾക്കെതിരായ നിലപാടുകൾക്കെതിരെയും ബി വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങൾ.. പലപ്പോഴും പോലീസിന്റെ ക്രൂരമായ അക്രമങ്ങൾ ഏറ്റുവാങ്ങി ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്. 

കേന്ദ്രസർക്കാരിന്റെ ജനവഞ്ചനക്കും, വർഗീയതയ്ക്കും എതിരെയുള്ള പോരാട്ടത്തിൽ നിങ്ങൾക്കൊപ്പം ഞങ്ങളും കൈകോർക്കുകയാണ്..

Youth Congress leader FB Post about BV Srinivas

MORE IN SPOTLIGHT
SHOW MORE