‘മലയാളിയോട് സ്നേഹം, പക്ഷേ അർഹന്റീനയെ അര്‍ജന്റീനയാക്കരുത്’

fabrionew-23
SHARE

ഫുട്ബോള്‍ ലോകകപ്പ് കാലത്ത് എത്തിയ ഫബ്രീസിയോ മലയാളികളുടെ ആവേശം കണ്ട് മയങ്ങി. ആ ഓളത്തില്‍ മുങ്ങിപ്പോയി. ആകാശത്തിന്റെ വെള്ളയും കടലിന്റെ നീലയും ആണ് ആ ആവേശത്തിന്റെ അതിരുകളെന്നറിഞ്ഞു. കണ്ടറിഞ്ഞവരുടെ കണ്‍മുന്നിലെ മെസിയും ഏയ്ഞ്ചല്‍ ഡി മരിയയും മര്‍ട്ടിനെസും ഒക്കെയായി . ഒരു അര്‍ജന്റീനക്കാരനെ നേരില്‍ കണ്ടതിന്റെ സ്നേഹം മലയാളികള്‍ ഫബ്രീസിയോയെ ശരിക്കും അറിയിച്ചു.

സ്നേഹവല പൊട്ടിച്ച് രണ്ടുതവണ നാടുവിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി ഈ അര്‍ജന്റീനക്കാരന്‍ – മലയാളികളുടെ സ്നേഹവും കരുതലും ഫാബിയുടെ മനസിലെ ഗാലറിയില്‍ സ്നേഹാരവങ്ങളായി മുഴങ്ങുന്നു. മനം മുട്ടെ കട്ടൗട്ടുകള്‍ തീര്‍ക്കുന്നു.

fabriciomorenew-23

അര്‍ഹന്റീനയെ അര്‍ജന്റീന എന്നു പറയുന്നതില്‍ മാത്രമാണ് ഫാബിക്ക് പരിഭവം. കേരളത്തില്‍ വന്നശേഷം ഫാബി കൊല്‍ക്കത്തയിലും പുരിയിലും ശ്രീലങ്കയിലും മലേഷ്യയിലും എല്ലാം പോയി. പക്ഷേ തിരിച്ചെത്തി.

fabricionsongs-23

‘ബീച്ചോസ് കൊളറാഡോസ്’ (നിറമുള്ള വണ്ടുകള്‍) എന്ന അമച്വര്‍ ടീമിലെ ഫുട്ബോള്‍ കളിക്കാരനായിരുന്നു. ഗായകനും സൈക്കോളജിസ്റ്റുമാണ് – ഇപ്പോള്‍ ആത്മീയയാത്രയില്‍ – കഴിഞ്ഞ ഒക്ടോബറിലെത്തി, സെപ്റ്റംബര്‍ വരെ തുടരും.

ഫബ്രീസിയോ ബുറെറ്റിന് സമാധാനമാണ് വേണ്ടത്. ഫുട്ബോള്‍ ഉപേക്ഷിക്കാനും കാരണം അതുതന്നെ. ആരാധകര്‍ തമ്മിലുള്ള അടിപിടിയും പോര്‍വിളിയും ഫാബിക്ക് സഹിക്കാനാവില്ല. ഒരു മല്‍സരം കത്തിക്കുത്തില്‍ അവസാനിച്ചതോടെ ഫാബി അതു മതിയാക്കി. ആറുവര്‍ഷമായി ഒരു ജയിലിലെ സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. അവരുെട പ്രശ്നങ്ങള്‍ തലയില്‍ കയറി ഭാരം കൂടിയതോടെ അതും നിലത്തുവച്ച് ഇന്ത്യയിലേക്ക് വിമാനം കയറി. ഇവിടെ സമാധാനത്തിന്റെ മൊത്തവിപണിയാണെന്ന് ആരോ ഫാബിയോട് പറഞ്ഞിരുന്നു.

പിന്നെ സമാധാനം തേടിയുള്ള യാത്രയായിരുന്നു. പുരി, ഓറോവില്‍, ഇഷ സെന്റര്‍ തുടങ്ങി പുറത്തും പിന്നെ കേരളത്തിനകത്തും. തെക്കും വടക്കുമായുള്ള നിരവധി ആശ്രമങ്ങള്‍. ‘എല്ലായിടത്തും സല്‍സംഗ് എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, വന്‍തിരക്ക്. ഗുരുവിനെ നേരില്‍ കാണാന്‍ പോലും കഴിയില്ല. ഒടുവില്‍ തൃശൂര്‍ തൃപ്രയാറിലെ ഒരു ആശ്രമത്തിലാണ് ഫാബി ഗുരുവിനെ കണ്ടെത്തിയത്. കുറേ നാള്‍ അവിടെ തങ്ങി. ഇനി തിരിച്ച് അവിടേക്കു തന്നെ പോവും’. തിരക്ക് ഫബ്രീസിയോയ്ക്ക് ഇഷ്ടമില്ല. തൃശൂരില്‍ ഒരു പൂരത്തിന് പോയി. മാറി നിന്ന് ആനകളെ കണ്ട് തിരിച്ചുപോന്നു. അവരാണല്ലോ പൊതുവേ ശാന്തര്‍.

കേരളത്തെ ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയുണ്ട് – ‘ഇവിടെയുള്ളവര്‍ക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം – സംസാരിക്കാം’.

farinuret-012305

അര്‍ഹന്റീനക്കാര്‍ ബ്രസീലിനെ എങ്ങനെ കാണുന്നു? ‘ബ്രസീലുകാരുടെ ഫുട്ബോളാണ് എനിക്കിഷ്ടം. ആ താളത്തില്‍ ഒരു രീതിയുണ്ട്. സമാധാനമുണ്ട്’. ഒരു തവണ ഫാബി ബ്രസീലിലേക്ക് പോയതുമാണ്. അതിര്‍ത്തിയില്‍ വച്ച് ആരോ പോക്കറ്റടിച്ചു. പണവും രേഖകളുമെല്ലാം നഷ്ടപ്പെട്ടു. ഉള്ള സമാധാനവും പോയി. തിരിച്ചുപോന്നു.

തൊടുപുഴ തൊമ്മന്‍കുത്തിലെത്തിയെ ഫാബി അവിടെ ഒരു വീട്ടില്‍ മാങ്ങയും ചക്കയും വിളവെടുക്കാന്‍ കൂടി – ‘മാങ്ങ തിന്നാന്‍ കൂടിയാണ് ഞാന്‍ ഇവിടെ വന്നത്. വന്ന കാലത്ത് സീസണ്‍ അല്ലാത്തതിനാല്‍ കിട്ടിയില്ല. പിന്നെ അല്‍ഫോന്‍സോയെ ഇഷ്ടപ്പെട്ടു’. സ്വയം വിളവെടുത്ത മൂവാണ്ടനും ചന്ദ്രക്കാരനും ആദ്യമായി കഴിച്ചതോടെ അല്‍ഫോന്‍സയോടുള്ള ഇഷ്ടം പോയി. മാങ്ങ പറിക്കുന്നതിന്റെ വീഡിയോ എടുത്ത് അപ്പോള്‍ തന്നെ ഇന്‍സ്റ്റ റീലാക്കി. ചക്കയും കൊക്കോയും ആദ്യമായി കണ്ടു. പുളിപ്പും മധുരവും ചേര്‍ന്ന രുചികള്‍ അറിഞ്ഞു. സ്പാനിഷില്‍ എന്തൊക്കെയോ പറഞ്ഞ് ചക്കയും കൊക്കോയും റീലാക്കി. പുഴയില്‍ മുങ്ങിക്കുളിച്ചു.ഇന്ത്യക്കാരില്‍ പലര്‍ക്കും നീന്തലറിയില്ലെന്ന് പരിതപിച്ചു.

മനോഹരമായ നാട്ടിലാണ് ഫാബിയും താമസിക്കുന്നത്– പാറ്റഗോണിയയിലെ സാന്‍ കാര്‍ലോ ബരിലോചെ. റിയോ നിഗ്രോ (കറുത്ത നദി)യുടെ തീരത്തും ആന്‍ഡെസ് പര്‍വതത്തിനു താഴെയും നഹ്വെല്‍ ഹ്വാപി ദേശീയ പാര്‍ക്കിനും തടാകത്തിനും ഓരത്തുമാണ് ഈ ഇടം. അര്‍ഹന്റീനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന്.

റീലുകളിലൂടെ മാത്രമല്ല എഴുതിയും കേരളത്തെക്കുറിച്ച് അര്‍ഹന്‍റീനക്കാരെ അറിയിക്കണമെന്നാണ് ഫാബിയുടെ ആഗ്രഹം. ‘എഴുതും. കാരണം ഇന്ത്യയിലേക്ക് പോരുംമുന്‍പ് പലതും പറഞ്ഞ് പലരും എന്നെ പേടിപ്പിച്ചു. അതൊന്നും ശരിയല്ലെന്ന് ഞാന്‍ എഴുതും. ഇവിടെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാടെന്നു പറയും’

സന്മനസുള്ളവരാണല്ലോ ഭൂമിയിലെ സമാധാനം കണ്ടെത്തുക. ഫബ്രീസിയോയെപ്പോലെ.

Argentinian explores Kerala and shares his experience on social media

MORE IN SPOTLIGHT
SHOW MORE