2023 ബുക്കര്‍ പ്രൈസ്; ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങള്‍ ഇങ്ങനെ

2023-booker-prize-nominated-works
SHARE

2023 ലെ ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് ആറു പുസ്തകങ്ങളാണ്. ആറു പുസ്തകങ്ങളും തീര്‍ത്തും വ്യത്യസ്തമായ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം മാതൃത്വം ചര്‍ച്ച ചെയ്യുന്നു.  ഈ ആറു പുസ്തകങ്ങളെയും പരിചയപ്പെടുത്തുകയാണ് ചുവടെ. 

കാറ്റലന്‍ എഴുത്തുകാരിയായ ഇവ ബെല്‍ത്താസറിന്‍റെ 'ബൗള്‍ഡര്‍' ക്വീര്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ട രണ്ട് സ്ത്രീകളുടെ പ്രണയവും ജീവിതവും പറയുന്ന പുസ്തകമാണ്. മാതൃത്വമാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്ന്. ഒരാള്‍ക്ക് അമ്മയാകണമെന്ന് ശക്തമായ ആഗ്രഹം, മറ്റേയാള്‍ അനുഭവിക്കുന്നത് ഐഡന്‍റിറ്റി ക്രൈസിസുകളും. ക്വീര്‍ ജീവിതാനുഭവങ്ങളുടെ ആഴത്തിലുള്ള നേര്‍ക്കാഴ്ച്ചയാണ് പുസ്തകം. ഇവരുടെ കവിതകള്‍ക്ക് ലോകമെങ്ങും വായനക്കാരുണ്ട്.

പ്രീ മോഡേണ്‍ കൊറിയയില്‍ നിന്നും പോസ്റ്റ് മോഡേണ്‍ കൊറിയയ്ക്കുണ്ടായ മാറ്റങ്ങളാണ് ചിയോന്‍ മെയോങ് ക്വാന്‍റെ വേയ്ല്‍ എന്ന നോവലിന്‍റെ ഇതിവൃത്തം. ഒരു മോഡേണ്‍ ക്ലാസിക്കാണ് പുസ്തകം. എഴുത്തുകാരന്‍റെ ആദ്യത്തെ നോവല്‍ കൂടിയാണിത്. സാഹസികതകളും ആക്ഷേപഹാസ്യങ്ങളും നിറഞ്ഞ അവതരണം തികച്ചും പുതുമയുള്ളതാണന്ന് നിരൂപകര്‍ പറയുന്നു. കൊറിയയെപ്പറ്റിയുള്ള രചനകളില്‍ ഇത്തരത്തില്‍ ഒന്നിതാദ്യം. ദക്ഷിണ കൊറിയയുടെ ഉള്‍നാട്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീയും അവരുടെ മൂകയായ, ആനകളോട് സംസാരിക്കുന്ന മകളും, ഒറ്റക്കണ്ണുള്ള ചൂളമടിച്ച് തേനിച്ചകളെ വശീകരിക്കുന്ന മറ്റൊരു സ്ത്രീയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. 

മെറൈസ് കോണ്ടി എന്ന കരീബിയന്‍ എഴുത്തുകാരന്‍റെ ഗോസ്പല്‍ അക്കോര്‍ഡിങ് ടു ദ ന്യു വേള്‍ഡ് ഒരു നവജാത ശിശുവിനെ ചുറ്റിപ്പറ്റിയുള്ളതാണ്. കാപ്പിപ്പൊടി നിറത്തിലുള്ള ശരീരവും കടലിന്റേതുപോലുള്ള കണ്ണുകളുമായി ജനിച്ച പാസ്കല്‍ എന്ന ശിശു ദൈവപുത്രനാണന്നാണ് പൊതുവെ പറയുന്നത്. അവന്‍റെ ജീവതത്തിലെ പല അടയാളങ്ങളും അതിന് തെളിവ്. പാസ്കല്‍ തനിയെ സത്യമന്വേഷിച്ച് നടത്തുന്ന ഒരു സുവിശേഷ യാത്രയാണ് പുസ്തകം. 2015ല്‍ മാന്‍ ബുക്കര്‍ പ്രൈസിന് മെറൈസ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊളോണിയല്‍ കാലത്തേക്കും അവിടുത്തെ സംസ്കാരത്തിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഗ്വാസ് എന്ന ഫ്രഞ്ച് എഴുത്തുകാരന്‍റെ സ്റ്റാന്‍ഡിങ് ഹെവി. രേഖപ്പെടുത്തപ്പെടാതെ പോവുക എന്ന കഷ്ടപ്പാടുള്ള യാഥാര്‍ഥ്യത്തെ തന്‍റെ ജീവിതവുമായി ചേര്‍ത്താണ് ഗ്വാസ് അവതരിപ്പിക്കുന്നത്. അയാള്‍ അനുഭവിച്ച ജീവിതം നര്‍മ്മരൂപേണയാണ് ഗ്വാസ് പറയുന്നത്.

പേരില്ലാത്ത ഒരാളിലുടെയാണ് ജോര്‍ജി ഗോസ്പൊടിനോവ് ടൈം ഷെല്‍ടര്‍ എന്ന കഥ പറയുന്നത്. ഭൂതകാലം മറന്നുപോകുന്ന അല്‍ഷിമേഴ്സിന് ചികിത്സ വരുന്നതാണ് കഥ. 1960 കളിലെയും 40 കളിലെയുമൊക്കെ വസ്തുക്കളും കഥാപശ്ചാത്തലങ്ങളും കാണാം. ആധുനിക കാലത്തെ ദുസ്വപ്നങ്ങളെ പേടിക്കുന്ന മനുഷ്യരാണ് കഥയിലുടനീളം. സമയത്തില്‍ നിന്ന് രക്ഷ തേടുന്നവര്‍. പുസ്തകത്തിന്‍റെ പേരിന് അര്‍ഥങ്ങള്‍ ആഴമേറി വരുന്നതായി കാണാം.

ആധുനിക ലോകത്തെ സ്ത്രീജീവിതങ്ങളാണ്, മെക്സിക്കന്‍ എഴുത്തുകാരിയായ ഗ്വാഡലുപ്പെ നെറ്റലിന്‍റെ നാലാമത്തെ നോവലായ സ്റ്റില്‍ ബോണ്‍ ചര്‍ച്ച ചെയ്യുന്നത്. കുടുംബം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്ന രണ്ട് സ്ത്രീകളാണ് നോവലില്‍. കുട്ടികള്‍ വേണോ വേണ്ടയോ എന്ന ചോദ്യമാണ് അവരെ വലയ്ക്കുന്നത്. ഒരാള്‍ ഗര്‍ഭിണിയാവുകയും മറ്റേയാള്‍ അയല്‍‌പക്കക്കാരന്‍റെ മകനുമായി അടുക്കുകയും ചെയ്യുന്നതോടെ കഥാഗതി മാറുന്നു. കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന വികാരവും എഴുത്തുകാരി തുറന്നുവെയ്ക്കുന്നുണ്ട്.

2023-bookerprize-shortlisted-books

MORE IN SPOTLIGHT
SHOW MORE