മുന്നിൽ 10 കാട്ടാനകൾ, തുമ്പിക്കൈകൊണ്ട് ഒരു ആന പിടിക്കാൻ നോക്കി; അദ്ഭുതകരമായി രക്ഷപ്പെടൽ

wild-elephant-attack
SHARE

മുന്നിൽ 10 കാട്ടാനകൾ, ജീവനുംകൊണ്ട് നിരങ്ങി രക്ഷപ്പെട്ടത് വിവരിക്കുമ്പോൾ മത്സ്യത്തൊഴിലാളി സി.സുന്ദരന്റെ കണ്ണുകളിൽ ആനപ്പേടി നിഴലിക്കുന്നു. മലമ്പുഴ കരടിയോടിൽ രണ്ട് ദിവസം മുന്‍പ് പുലർച്ചെ 5.30നാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ (55) കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടത്. 

സ്കൂട്ടർ പൂർണമായും ആനക്കൂട്ടം തകർത്തു. മലമ്പുഴ ഡാമിൽ തലേന്ന് ഇട്ട വല എടുക്കാനായി പുലർച്ചെ പോകുന്നതിനിടെയാണ് അപകടം. കാട്ടിലേക്കു കടക്കാനായി ആനക്കൂട്ടം റോഡ് കുറുകെക്കടക്കുകയായിരുന്നു. രണ്ട് ആനകൾ റോഡ് കടന്നു പോകുന്നതു സുന്ദരൻ കണ്ടിരുന്നു. ഈ ആനകൾ പോയ ആശ്വാസത്തിൽ വണ്ടിയുമായി മുന്നോട്ടു പോയപ്പോൾ ഉടൻ  മറ്റൊരു കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങി.

3 കുട്ടിയാനകൾ ഉൾപ്പെടെ സംഘത്തിൽ 10 ആനകൾ ഉണ്ടായിരുന്നു. വണ്ടിയിൽ നിന്നു വീണതോടെ പുറകിലോട്ടു കുറച്ചുദൂരം നിരങ്ങി മാറി. തുമ്പിക്കൈകൊണ്ട് ഒരു ആന പിടിക്കാൻ നോക്കിയെങ്കിലും നിരങ്ങി രക്ഷപ്പെട്ട് എഴുന്നേറ്റ് ഓടി. വീണത് മണ്ണിലേക്കായതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. 17 വർഷമായി മലമ്പുഴ ഡാം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളിയാണ് ഇയാൾ. വല എടുക്കാൻ പോകുന്നതിനിടെ പലപ്പോഴായി ദൂരെ നിന്നു കാട്ടാനകളെ കാട്ടിനുള്ളിൽ വച്ച് കണ്ടിട്ടുണ്ടെങ്കിലും മുന്നിൽ പെടുന്നത് ആദ്യമാണെന്നു സുന്ദരൻ പറഞ്ഞു.

സുന്ദരന് അപകടമൊന്നും സംഭവിക്കാത്തതിന്റെ ആശ്വാസത്തിലാണ് ഭാര്യ ആർ.ബിന്ദുവും മക്കളായ സച്ചിനും സഞ്ജയും.കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീതിയില്ലാതെ സഞ്ചരിക്കണമെന്നും വന്യമൃഗശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN SPOTLIGHT
SHOW MORE