ചരിത്രം അടയാളപ്പെടുത്തിയ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശില്‍പഭംഗിയൊരുക്കി പാലക്കാട് വാളയാര്‍ അഹല്യ ക്യാംപസ്. സ്ത്രൈണം എന്ന പേരില്‍ തുടങ്ങിയ ശിലാ മ്യൂസിയത്തില്‍ മികവ് അടയാളപ്പെടുത്തുന്ന നൂറിലധികം ശില്‍പ്പങ്ങളുണ്ട്. നിരവധി സഞ്ചാരികളും ചരിത്രാന്വേഷികളുമാണ് ഇതിനകം ശില്‍പഭംഗി ആസ്വദിക്കാനെത്തുന്നത്.

 

ഓരോ ശിൽപങ്ങളും സ്ത്രീയുടെ കരുത്തിനെ അടയാളപ്പെടുത്തുന്നതാണ്. സകലതും നഷ്ടപ്പെട്ടെന്ന് തോന്നുന്ന സമയത്തും കരുത്തോടെ ജീവിതം തിരികെപ്പിടിക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും കഴിഞ്ഞവര്‍. പുരാണങ്ങളിൽ ഇതിഹാസം രചിച്ച സ്ത്രീ ശക്തികളുടെ ശിൽപ കാഴ്ചയാണ് വിശാലമായ ക്യാംപസിലുള്ളത്. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ചേരുവകൾ തുല്യം ചേർത്ത് ചരിത്രത്തിലൂടെയുള്ള സഞ്ചാരത്തിനാണ് ശില്‍പ കാഴ്ച വഴി തുറക്കുന്നത്. 

 

പ്രകൃതിഭംഗി ഏറെയുള്ള തിരക്കില്ലാത്ത അന്തരീക്ഷത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ശില്‍പങ്ങള്‍ കാണാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വാഹനത്തില്‍ സഞ്ചരിച്ച് കാഴ്ച ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. നിലവിലെ നൂറ്റി എട്ട് ശിൽപങ്ങൾക്കൊപ്പം വൈകാതെ പത്തെണ്ണം കൂടി ചേരും. ശിൽപികളായി വനിതകൾ വരുന്നത് അത്ര പരിചിതമല്ലെങ്കിലും നിര്‍മാണം പുരോഗമിക്കുന്ന കല്ലുകളിൽ കമനീയത വിരിയുന്നതിൽ ഇവർക്കും പങ്കുണ്ട്. കേരളത്തിലെ ഏഴും പുറത്ത് നിന്നുള്ള മൂന്നുപേരുമാണ് ശിൽപഭംഗി പരുവപ്പെടുത്തുന്ന ജോലിയിലുള്ളത്.