
കാവുകള്‍ക്ക് വംശനാശം സംഭവിക്കുന്ന ഇക്കാലത്തും അതിന്റെ തനിമ ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്ന ഒരു സ്ഥലമുണ്ട് കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍. അത്യപൂര്‍വമായ സസ്യസമ്പത്തും ജന്തുജാലങ്ങളേയും കൊണ്ട് സമ്പന്നമാണ് ഈ കാവ്. ഇത്തവണ ഈ കാവിലെ ക്ഷേത്രോല്‍സവത്തിനും പകിട്ടേറെയാണ്.
കാപ്പാട് ബീച്ചിന് സമീപം, പൊയില്‍കാവില്‍ ദേശീയപാതയില്‍ നിന്നു 600 മീറ്റര്‍ മാറി കടല്‍ തീരത്തിനും റോഡിനും ഇടയിലാണ് സസ്യസമ്പത്തിന്റെ ഈ കലവറ. ഇതിനുള്ളില്‍ ഒരു ക്ഷേത്രവും.12 ഏക്കര്‍ സ്ഥലമുണ്ട്.
കേരളത്തില്‍ തന്നെ അപൂര്‍വമായ ഒരു കാവ്. സസ്യസമ്പത്തിന്റെ മാത്രമല്ല ജന്തുജാലങ്ങളുടേയും ആവാസ കേന്ദ്രമാണിത്. നാട്ടുകാരാണ് ഇത് ഇങ്ങനെ പരിപാലിച്ചുപോരുന്നത്. വംശനാശ ഭീഷണി നേരിടുന്ന 200 ല്‍ അധികം സസ്യങ്ങള്‍ ഇവിടുണ്ട്.
ഈ ക്ഷേത്രം പരശുരാമന്‍ നിര്‍മിച്ച 108 ദുര്‍ഗ ക്ഷേത്രങ്ങളില്‍ ഒന്നാണെന്നാണ് ഐതിഹ്യം . ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇവിടെ ഉല്‍സവം നടക്കുകയാണ്. അഞ്ചാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന താലപ്പൊലിയുടെ നിറവിലാണ് ഇത്തവണത്തെ ഉത്സവം കൊണ്ടാടുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി നടത്തുന്ന കുടമാറ്റവും ഇത്തവണത്തെ ഉത്സവത്തിന്‍റെ പ്രത്യേകതയാണ്.