
പത്തനംതിട്ട കല്ലൂപ്പാറയില്‍ തണ്ണിമത്തന്‍ കൃഷിയും പ്രായോഗികമാണെന്ന് തെളിയിക്കുകയാണ് ഒരു പ്രവാസി. ചെങ്ങരൂര്‍ സ്വദേശി പി.എന്‍ സുരേഷ് കുമാറാണ് തണ്ണിമത്തന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയം കൊയ്തത്.
കര്‍ഷകനായ പിതാവിന്‍റെ കൈപിടിച്ചാണ് സുരേഷ് കൃഷിയെ അറിഞ്ഞുതുടങ്ങിയത്. ജോലിക്കായി മസ്കത്തില്‍ എത്തിയപ്പോഴും പിതാവ് പകര്‍ന്നുനല്‍കിയ കൃഷിയുടെ ആദ്യപാഠങ്ങള്‍ മറക്കാന്‍ സുരേഷ് തയാറായില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പലതരം കൃഷികള്‍ അദ്ദേഹം ചെയ്തുവന്നു. തായ്ലന്‍ഡില്‍നിന്ന് മികച്ച വിളവു ലഭിക്കുന്ന തണ്ണിമത്തന്‍ വിത്തുകള്‍ എത്തിച്ചതും അങ്ങനെയാണ്. പിന്നീട് നാട്ടിലെത്തി കൃഷി ആരംഭിച്ചു. പത്ത് കിലോ വരെ തൂക്കം വരുന്ന തണ്ണിമത്തന്‍ വിളഞ്ഞുകിടക്കുന്നതാണ് സുരേഷിന്‍റെ കൃഷിയിടത്തിലെ ഇപ്പോഴത്തെ കാഴ്ച.
തണ്ണിമത്തന്‍ കല്ലൂപ്പാറക്ക് അത്ര പരിചിതമായ കൃഷിയിനമല്ലാഞ്ഞിട്ടും നൂറ് മേനി വിളവാണ് കിട്ടിയത്. പൂര്‍ണമായും ജൈവകൃഷിരീതിയാണ് പിന്തുടര്‍ന്നത്. വിളവെടുപ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.