
കടുത്ത വേനലിലും ഇടുക്കി അഞ്ചുരുളി ടണലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ടണല്‍ മുഖത്തെ വെള്ളം കുറഞ്ഞതും ശക്തമായ ഒഴുക്കില്ലാത്തതുമാണ് വേനലിലും സഞ്ചാരികളെ ഇങ്ങോട്ട് അടുപ്പിക്കുന്നത്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അഞ്ചുരുളിയില്‍ രൂക്ഷമാണ്.
ഇരട്ടയാറില്‍ നിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തുന്ന അഞ്ചുരുളി തുരങ്കം. ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടം. വിവിധ സിനമകളുടെ ലൊക്കേഷന്‍ കൂടിയായ അഞ്ചുരുളി ടണലിന്‍റെ മുഖവും ഉള്‍വശവും സഞ്ചാരികള്‍ക്ക് എന്നും കൗതുകമാണ്. നീരൊഴുക്ക് നന്നേ കുറഞ്ഞതിനാല്‍ ടണലിനുള്ളിലേക്ക് ഏറെ ദൂരം നടന്നുപോകാമെന്നതാണ് വേനല്‍കാലത്ത് സഞ്ചാരികളെ ഇങ്ങോട്ടടുപ്പിക്കുന്നത്.
പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമൊക്കെയാണെങ്കിലും അഞ്ചുരുളിയില്‍ പൊതുശൗചാലയം പോലുമില്ല. ഇതുകാരണം സഞ്ചാരികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കൂടാതെ നേരം ഇരുട്ടിയാല്‍ സാമൂഹ്യവിരുദ്ധരുടെ താവളവും. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടൂറിസം വകുപ്പിന്‍റെ അനുമതി കിട്ടാത്തതാണ് തിരിച്ചടിയാവുന്നതെന്നാണ് കാഞ്ചിയാര്‍ പഞ്ചായത്തിന്‍റെ വിശദീകരണം.