കിണറ്റിനുള്ളില്‍ പശുവിന് സുഖപ്രസവം

Cow
SHARE

കിണറ്റിനുള്ളിൽ പശുവിനു സുഖപ്രസവം. പ്രസവത്തിന് ശേഷം അമ്മപ്പശുവിനെയും കിടാവിനെയും രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. പാലാ പ്രവിത്താനത്ത് ഇന്നലെയാണ് സംഭവം. ജോർജും ഭാര്യ മേരിക്കുട്ടിയും വളർത്തുന്ന മൂന്നര വയസ്സുള്ള പശുവാണ് കിണറ്റിനുള്ളില്‍ വീണത്. രാവിലെ പുറത്തിറക്കാൻ അഴിച്ച പശു ഓടി ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. നല്ല താഴ്ചയുള്ള കിണറ്റില്‍ മുട്ടറ്റം വരെ വെള്ളമുണ്ടായിരുന്നു. 

പെട്ടന്ന് തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചെങ്കിലും, ഗർഭിണിയായ പശുവായിരുന്നതിനാൽ വലിച്ചു കയറ്റാൻ സേന ആദ്യം തയാറായില്ല. വിവരമറി‍ഞ്ഞ് ഉള്ളനാട് വെറ്ററിനറി ഡിസ്പെൻസറിയിൽ നിന്ന് ഡോ. സുസ്മിത ശശിധരനും സ്ഥലത്തെത്തി. പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ പശുവിനെ  പ്രസവിച്ച ശേഷം കിണറ്റിനുള്ളിൽ നിന്ന് പുറത്തെത്തിക്കാമെന്നു ഡോക്ടർ നിർദേശിച്ചു.

ഉടന്‍ തന്നെ അയൽവാസി റെജിയും ഒരു ഫയർമാനും കിണറ്റിലിറങ്ങി. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അതേപടി ചെയ്തതോടെ പശു വെള്ളത്തിൽ പ്രസവിച്ചു. പശു കിടാവിനെയാണ് ആദ്യം കരയ്ക്കെത്തിച്ചത്. ശേഷം തള്ള പശുവിനെ കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  ഒടുവിൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ പശുവിനെ കരയ്ക്കെത്തിക്കുകയും വേണ്ട ചികിത്സ  ലഭ്യമാക്കുകയും ചെയ്തു. 

ഉള്ളനാട് വെറ്ററിനറി ഡിസ്പെൻസറിയിലെ ജാൻസി, കടനാട് ഡിസ്പെൻസറിയിലെ ഡോ. സുനിൽ, ളാലം ബ്ലോക്ക് ഡിസ്പെൻസറിയിലെ ഡോ.ആദിൽ എന്നിവരും സഹായത്തിനെത്തിയിരുന്നു. അപൂര്‍വ്വമായ പ്രസവം കാരണം പശുവും കിടാവുമാണ് ഇപ്പോള്‍ നാട്ടിലെ താരം.

Cow gives Birth in Well

MORE IN SPOTLIGHT
SHOW MORE