ലക്ഷങ്ങള്‍ വരുമാനമുള്ള ജോലി ഉപേക്ഷിച്ചു; ആരംഭിച്ചത് സമൂസ സിംങ്; ദമ്പതികള്‍ നേടുന്നത് ഇരട്ടിയിലധികം വരുമാനം

samosa singh
Image Credit: Sharell Cook | Twitter
SHARE

മിക്കയാളുകളുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് സമൂസ. മറ്റ് ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ എല്ലാകടയിലും സമൂസ ലഭിക്കാറുണ്ട്. എന്നാല്‍,  ഇഷ്ട ഭക്ഷണം ആണെന്ന് കരുതി ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സമൂസ വിൽക്കാൻ ആരെങ്കിലും തയാറാകുമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. വമ്പൻ ശമ്പളമുള്ള ജോലി വിട്ട് സമൂസ വിൽക്കാനിറങ്ങിയ ദമ്പതികളുടെ വിജയ കഥയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും കാര്യം സത്യമാണ്. 

നിധി സിങും ഭർത്താവ് ശിഖർ വീർ സിംങുമാണ് ഈ ദമ്പതികള്‍.  30 ലക്ഷം വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികൾ ഇന്ന്  ഓരോ ദിവസവും സമ്പാദിക്കുന്നത് 12 ലക്ഷം രൂപയാണ്. ഹരിയാനയിൽ ബയോടെക്‌നോളജിയിൽ ബിടെക് പഠിക്കുമ്പോഴാണ് ഇരുവരും പരിചപ്പെടുന്നതും  പിന്നീട് വിവാഹിതരാകുന്നതും. പഠിക്കുന്ന കാലത്ത് സമൂസ കച്ചവടം തുടങ്ങാനുള്ള ആശയം ശിഖറിന് തോന്നിയെങ്കിലും ഒരു ശാസ്ത്രജ്ഞനാകാൻ നിധി അവനെ ഉപദേശിച്ചു. അങ്ങനെ  ബയോകോൺ എന്ന കമ്പനിയിൽ ശിഖർ പ്രിൻസിപ്പൽ സയന്റിസ്റ്റായി ജോലി ചെയ്തു.  നിധിക്ക് ഗുരുഗ്രാമിൽ പ്രവർത്തിക്കുന്ന ഫാർമ കമ്പനിയിൽ 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബ പശ്ചാത്തലമുണ്ടായിരുന്നുവെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം അപ്പോഴും ശിഖറിനുണ്ടായിരുന്നു. അങ്ങനെയിരിക്കേ, ഒരു ദിവസം, ഒരു ഫുഡ് കോർട്ടിൽ ഇരിക്കുമ്പോൾ ഒരു ആൺകുട്ടി സമൂസയ്‌ക്കായി കരയുന്നത് ശിഖർ കണ്ടു. ഇതോടെയാണ് സമൂസ എന്ന ബിസിനസ് ആശയം അദ്ദേഹത്തിന്‍റെ മനസിൽ കയറിയത്. തുടർന്ന് ബെംഗളൂരുവിൽ സമോസ സിംങ് എന്ന പേരിൽ ഒരു ഫുഡ് സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനായി 2015 ൽ അവർ ജോലി ഉപേക്ഷിച്ചു.

ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അവരുടെ ബിസിനസ് പലമടങ്ങ് വളർന്നു. ഈ ഘട്ടത്തിൽ അവരുടെ കമ്പനിയുടെ വാർഷിക വരുമാനം 45 കോടി രൂപയാണ്. ചെറിയ രീതിയില്‍ തുടങ്ങിയ സമൂസ സിംങിൽ ഇന്ന്  നിരവധി പേർ  ജോലി ചെയ്യുന്നുണ്ട്. വിവിധ തരം സമൂസകളും ഇവിടെ ലഭ്യമാണ്. സമൂസ കഥകള്‍ കേട്ടറിഞ്ഞ് കഴിക്കാന്‍ വരുന്നവരുടെ എണ്ണവും കുറവല്ല.  ഇപ്പോഴിതാ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ദമ്പതികൾ.

Couples left their job earning lakhs and started a samosa shop

MORE IN SPOTLIGHT
SHOW MORE