‘ഐസിയുവിലും അച്ഛൻ സംസാരിച്ചത് സിനിമയെക്കുറിച്ച്’; ശ്രീനിവാസന്റെ അതിജീവനം

ഒരു രോഗാവസ്ഥയെ ധൈര്യത്തോടെ, ചിരിച്ച മുഖത്തോടെ നേരിടുക എന്നത് വലിയ കാര്യമാണെന്ന് നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. അങ്ങനെയുള്ളൊരാളെ ഞാൻ വീട്ടിൽ കാണുന്നുണ്ട്. അച്ഛൻ ആദ്യമായി ഐസിയുവിൽ ആയ സമയത്തും ബോധം വരുമ്പോഴെല്ലാം അച്ഛൻ സംസാരിക്കുന്നത് സിനിമയെക്കുറിച്ചാണെന്ന് വിനീത് പറഞ്ഞു. 

സർവൈവ് ചെയ്ത് മുൻപോട്ട് പോവണമെന്ന അച്ഛന്റെ ആഗ്രഹം സിനിമയുമായി ബന്ധപ്പെട്ട് മാത്രമാണ്. കുറുക്കൻ എന്ന സിനിമയാണ് ഞങ്ങൾ ഏറ്റവും ഒടുവിൽ ഒന്നിച്ചു ചെയ്തത്. പുലർച്ചെ 5മണിക്ക് ഞാനെഴുന്നേറ്റ് നോക്കുമ്പോൾ അച്ഛൻ ഉച്ചത്തിൽ ഡയലോഗ് പഠിക്കുന്നത് കേൾക്കാം. അതു കഴിഞ്ഞ് ഷൂട്ടിംഗ് വേളയിൽ അച്ഛന്റെ ഡയലോഗ് കേട്ട് ആളുകൾ കയ്യടിക്കുമ്പോഴൊക്കെ വല്ലാത്തൊരു സന്തോഷമാണ്.അതുപോലെ തന്നെയാണ് അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇന്നസെന്റങ്കിൾ . സ്ഥിരം ആരോഗ്യാവസ്ഥയുമായി യുദ്ധം ചെയ്യുന്നയാളാണ് അദ്ദേഹം. പക്ഷേ ആ അവസ്ഥയെ വളരെ തമാശരൂപേണ കൈകാര്യം ചെയ്യുന്നതു കാണാം. അവരെപ്പോലെ കഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്, പക്ഷേ ആ പ്രതികൂല ആരോഗ്യാവസ്ഥയെ പോലും ആഘോഷമാക്കുന്നവർ എന്നും മാതൃകയാണെന്നും വിനീത് ശ്രീനിവാസൻ മനോരമന്യൂസിന്റെ കേരളകാൻ ഏഴാംപതിപ്പിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. വിഡിയോ