
സ്വന്തം ഭൂമിസംരക്ഷിക്കാന്‍ ആറുപതിറ്റാണ്ട് കാലം മണല്‍ മാഫിയയോട് ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാര്‍ളി അമ്മൂമ്മക്ക് ജനിച്ചമണ്ണില്‍ അന്ത്യ വിശ്രമം. വീടിന് മുന്‍ വശത്താണ് ഡാര്‍ളിയുടെ ആഗ്രഹപ്രകാരം കുഴിമാടമൊരുക്കിയത്. ഇന്നലെ വൈകുന്നേരം നെയ്യാറ്റിന്‍കര അണ്ടൂര്‍കോണത്തെ വയോജനകേന്ദ്രത്തിലായിരുന്നു അന്ത്യം.
ആറുപതിറ്റാണ്ടുകാലം മണല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷിച്ചെടുത്ത മണ്ണില്‍ ഡാര്‍ളിയമ്മൂമ്മ മടങ്ങി. ഈ മണ്ണില്‍ മരിക്കണമെന്നായിരുന്നു മോഗം . അന്ത്യവിശ്രമം ഇവിടെത്തന്നെ വേണമെന്ന ആഗ്രഹം നെയ്യാറ്റിന്‍കര നഗരസഭയും ജില്ലാപഞ്ചയത്തും ചേര്‍ന്ന് സഫലമാക്കി. ആഴങ്ങളിലേക്ക് ആണ്ടുപോകാതെ നെയ്യാറിനെ മണലൂറ്റുകാരില്‍ നിന്ന് രക്ഷിക്കാന്‍ എത്രയോ രാത്രികള്‍ ഉറമിളച്ച ആപോരളിയെ അവസാനമായി ജനിച്ച മണ്ണിലെത്തിച്ചത് അഗ്നിശമനസേനയുടെ ബോട്ടില്‍. തെന്നാട്ടുകടവിലെ വീട്ടിലേക്കുളള ഒറ്റയടി പാതകൂടി തകര്‍ന്നതോടെയായിരുന്നു ജലമാര്‍ഗമെത്തിച്ചത്. ഒറ്റപ്പെട്ട വീട്ടില്‍ ക്രിസ്തീയ ആചാര പ്രകാരമായിരുന്നു സംസ്കാരം.
കെ. എ. ആന്‍സലന്‍ എഎല്‍എയും നഗരസഭാധ്യക്ഷന്‍ പികെ രാജമോഹനനും അന്തിമോപചാരം അര്‍പ്പിച്ചു.2021 ലാണ് ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അണ്ടൂര്‍കോണത്തെ വയോജന കേന്ദ്രത്തിലേക്ക് ഡാര്‍ലിയെ മാറ്റിയത്. പ്രായക്കൂടുതലിന്റെ അവശതകള്‍ കാരണം ഇന്നലെ സന്ധ്യയ്ക്കായിരുന്നു അന്ത്യം. ഇനിയീ മണ്ണന്റെ കാണാകാവലാളായി ഡാര്‍ളിയമ്മൂമ്മ തുടരും.