രണ്ട് ഭാര്യമാർക്കൊപ്പം ആഴ്ചയിൽ മൂന്നു ദിവസം വീതം; ‘സൺഡേ ഹോളിഡേ’; വ്യത്യസ്ത കരാർ

ആഴ്ചയിലെ ദിവസങ്ങൾ തുല്യമായി തന്റെ രണ്ടു ഭാര്യമാർക്കും വേണ്ടി വീതിച്ചു നൽകി മാതൃകയായിരിക്കുകയാണ് മധ്യപ്രദേശുകാരനായ ഒരു യുവാവ്. മൂന്ന് ദിവസം വീതം ഓരോ ഭാര്യമാർക്കുമൊപ്പം, ഞായറാഴ്ച ഒറ്റയ്ക്കും. രണ്ടു ഭാര്യമാർക്കും വേണ്ടി രണ്ട് ഫ്ലാറ്റുകൾ ഇരുപത്തിയെട്ടുകാരനായ ഈ സോഫ്റ്റ്വെയർ എൻജിനിയർ വാങ്ങി നൽകിയിട്ടുണ്ട്.

ഗ്വാളിയോർ കുടുംബക്കോടതിയിലെത്തിയ കേസിനൊടുവിലാണ് യുവാവും ഭാര്യമാരും കൂടി ഇങ്ങനെയൊരു കരാറിൽ എത്തിയത്. 2018ലാണ് യുവാവിന്റെ ആദ്യ വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ഗുരുഗ്രാമിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. ഭാര്യയും മകനുമൊത്ത് ഇവിടെ താമസിച്ചുവരുമ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ഇവർ ഗ്വാളിയോറിലേക്ക് മടങ്ങി. ഈ ഘട്ടത്തില്‍ യുവാവിന് വർക്ക് ഫ്രം ഹോം ആയിരുന്നു. എന്നാൽ കുറച്ചുദിവസങ്ങൾക്കു ശേഷം ഇയാൾ ഗുരുഗ്രാമിലേക്ക് പോയി. കോവിഡ് ഭീതിയൊഴിഞ്ഞിട്ടും ഇയാൾ തിരിച്ചുവന്നതുമില്ല.

യുവാവിനെ അന്വേഷിച്ച് ഭാര്യ ഗുരുഗ്രാമിലെത്തിയപ്പോഴാണ് 2021ൽ സഹപ്രവർത്തകയെ ഇയാൾ വിവാഹം കഴിച്ചുവെന്നും ഇവർക്ക് ഒരു മകളുണ്ടെന്നും അറിയുന്നത്. ഇതോടെ ആദ്യഭാര്യ കേസുമായി മുന്നോട്ടുപോയി. കേസിന്റെ ഭാഗമായി സമവായത്തിന് ശ്രമിക്കവേ വക്കീലിന്റെ ഉപദേശം കേട്ടാണ് മൂവരും ഇങ്ങനെയൊരു കരാറിൽ എത്തിയത്.

ഹിന്ദു ആചാരപ്രകാരം നടന്ന ആദ്യ വിവാഹബന്ധം വേർപ്പെടുത്താതെ രണ്ടാമത് വിവാഹം കഴിച്ചത് ശിക്ഷാർഹമാണെന്നും ജോലി പോകുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും യുവാവിനോട് വക്കീൽ സൂചിപ്പിച്ചു. ഇതോടെയാണ് ആഴ്ചയിൽ മൂന്നു ദിവസം വീതം ഓരോ ഭാര്യമാർക്കൊപ്പം നിൽക്കാമെന്നും ഞായറാഴ്ച യുവാവിന് ഇഷ്ടമുള്ളതുപോലെ ചെയ്യാമെന്നുമുള്ള കരാറില്‍ കോടതിക്കു പുറത്തുവച്ച് മൂവരും ഒപ്പിട്ടത്. കരാർ ലംഘിച്ചാൽ ആദ്യഭാര്യയ്ക്ക് കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയും കരാറിലുണ്ട്.

Man reaches agreement with two wives, will spend 3 days a week with each, free to choose on Sunday