'ഭൂമിയുടെ അച്ചുതണ്ട് ബലപ്പെടുത്താന്‍ ആളെ വിടും'; ബജറ്റിനെ ട്രോളി ജില്ലാ പഞ്ചായത്ത് അംഗം

സംസ്ഥാന ബജറ്റിനെ ട്രോളി മലപ്പുറം ജില്ല പഞ്ചായത്ത് അംഗം എ പി ഉണ്ണികൃഷ്ണന്റെ പ്രസംഗം. ജില്ല പഞ്ചായത്തിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് ചര്‍ച്ചയാവുന്നത്. ദേശീയ രാജ്യാന്തര കാര്യങ്ങൾക്ക് ഫണ്ട് മാറ്റി വയ്ക്കുമെന്ന് വീമ്പു പറയുന്ന സർക്കാർ കേരളത്തിലെ സാധാരണക്കാരെ ബജറ്റിൽ  അവഗണിച്ചുവെന്നാണ് പ്രസംഗത്തില്‍ പറയുന്നത്. മുസ്ലീം ലീഗ് ജില്ല നേതാവു കൂടിയായ എ പി ഉണ്ണികൃഷ്ണൻ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കൂടിയാണ്.

എ.പി.ഉണ്ണികൃഷ്ണന്റെ പ്രസംഗം ഇങ്ങനെ, 'ഡീസല്‍, പെട്രോള്‍ വില കൂട്ടി. മണ്ണെണ്ണയ്ക്ക് വില കൂട്ടി. മദ്യത്തിനും വില കൂട്ടി. ബിയര്‍, വൈന്‍, ജീവന്‍ രക്ഷാ മരുന്നുകള്‍. സുഖചികിത്സയ്ക്ക് പ്രത്യേക പാക്കേജ്, പാകിസ്ഥാന്റെ പട്ടിണി മാറ്റാന്‍ തുക വകയിരുത്തും. കേരള ഐക്യരാഷ്ട്ര സഭ രൂപീകരിക്കും. യുക്രെയ്ന്‍ ദുരിതര്‍ക്ക് സഹായം. വാക്സിന്‍ നിര്‍മിക്കാന്‍ ക്യൂബയില്‍ നിന്ന് ഗവേഷകരെ കൊണ്ടുവരും'. 

'ചൈനയുമായി വാണിജ്യ കരാര്‍. ചൊവ്വയിലേക്ക് ആളെ അയക്കും. ഭൂമിയുടെ അച്ചുതണ്ട് ബലപ്പെടുത്താന്‍ ആളെ വിടും. ഓസ്ട്രേലിയന്‍ കംഗാരുക്കള്‍ക്കായി സൗജന്യ സഞ്ചി കയറ്റി അയക്കും. ഫെയ്സ്ബുക്ക് അല്‍ഗോരിതം സ്വന്തമായി നിര്‍മിക്കും. ഇസ്രായേല്‍–പലസ്ഥീന്‍ പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈ എടുക്കും. സ്വന്തം മൊബൈല്‍ ഫോണ്‍, വിമാനക്കമ്പനി ഇതെല്ലാം രൂപികരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും' പറഞ്ഞാണ് പ്രസംഗത്തിലെ പരിഹാസം. 

Muslim league leader mocks budget