ജോഡോ യാത്രയിൽ താരമായി രാഹുലിന്റെ അപരൻ; ഫൈസലിനൊപ്പം ചിത്രമെടുത്ത് പ്രവർത്തകർ

 രാഹുൽ ഗാന്ധിയോടൊപ്പം നടക്കാനും ചിത്രമെടുക്കാനും കഴിയാത്ത പ്രവർത്തകർക്കു ഫൈസൽ ചൗധരിയാണ് ആശ്വാസം. രാഹുലിന്റെ അപരനായതിൽ ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഫൈസലിനും അഭിമാനം. രാഹുൽ ഗാന്ധിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ഭാരത് ജോഡോ യാത്രയിൽ ശ്രദ്ധാകേന്ദ്രമായ ഫൈസലിനു രാഹുലിനെപ്പോലെ വെള്ള മുറിക്കയ്യൻ ടിഷർട്ടാണു വേഷം. 

കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധിസംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പണ്ഡിറ്റുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി പ്രതിനിധിസംഘം രാഹുലിനെ ബോധ്യപ്പെടുത്തി. ഇന്നലെ രാവിലെ 7നു സാംബയിലെ വിജയ്പുരിൽനിന്ന് ആരംഭിച്ച യാത്ര ജമ്മു– പഠാൻകോട്ട് ഹൈവേയിലൂടെ നീങ്ങുമ്പോൾ ആയിരക്കണക്കിനാളുകളാണു രാഹുലിനൊപ്പം അണിനിരന്നത്. പിഡിപിയുടെ പ്രതിനിധിസംഘവും യാത്രയിൽ പങ്കുചേർന്നു. ദിഗ്‌വിജയ് സിങ്, കെ.സി.വേണുഗോപാൽ, ജയറാം രമേഷ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.