ബൈക്കപകടത്തില്‍ മരിച്ച മകന്റെ ഇന്‍ഷൂറന്‍സ് തുക നിർധന വിദ്യാർഥികൾക്ക്; മാതൃകയായി വയോധികദമ്പതികൾ

ബൈക്കപകടത്തില്‍ മരിച്ച ഏകമകന്റെ ഇന്‍ഷൂറന്‍സ് തുക പത്തു ലക്ഷം രൂപ നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിനായി മാറ്റിവച്ച് മുതിര്‍ന്ന ദമ്പതികള്‍. പുറംമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് വേണമെങ്കില്‍ ഈ തുക അടച്ചുറപ്പുള്ള വീട് പണിയാന്‍ മാറ്റാമായിരുന്നു. തൃശൂര്‍ അയ്യന്തോളില്‍ നിന്നാണ് നന്‍മയുടെ ഈ മാതൃക. 

 93 വയസുണ്ട് അംബുജാക്ഷന്‍ പിള്ളയ്ക്ക്. ഭാര്യ രാധമ്മയ്ക്ക് എണ്‍പത്തിയഞ്ചും. മൂന്നു സെന്റ് പുറംമ്പോക്ക് ഭൂമിയിലാണ് താമസം. അയ്യന്തോളില്‍. ഏകമകന്‍ ശ്രീജിത്ത് മുപ്പത്തിമൂന്നാം വയസില്‍ ബൈക്ക് മരത്തിലിടിച്ച് മരിച്ചു. കൃഷിവകുപ്പിലെ ജീവനക്കാരനായിരുന്നു. പത്തു ലക്ഷം രൂപ ഇന്‍ഷൂറന്‍സ് തുക കിട്ടി. ഈ തുക സ്വന്തം ആവശ്യങ്ങള്‍ക്കു മാറ്റിയില്ല. പകരം, ഒരു ട്രസ്റ്റുണ്ടാക്കി. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ട്രസ്റ്റ്. ശ്രീജിത്ത് അംബുജാക്ഷന്‍ സ്മാരക ട്രസ്റ്റ്. എല്ലാ വര്‍ഷവും എസ്.എസ്.എല്‍.സിയ്ക്കു ഫുള്‍ എ പ്ലസ് കിട്ടുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് അയ്യായിരം രൂപയുടെ സ്കോളര്‍ഷിപ്പ്. പ്രതിവര്‍ഷം ഇരുപതു വിദ്യാര്‍ഥികള്‍ക്ക് ഈ തുക നല്‍കും. ഇന്‍ഷൂറന്‍സായി കിട്ടിയ തുക ബാങ്കില്‍ നിക്ഷേപിച്ച് കിട്ടുന്ന പലിശ ഉപയോഗിച്ചാണ് പഠന സഹായം.

തൃശൂര്‍ പൂരത്തോടുള്ള ഇഷ്ടം കാരണമാണ് അംബുജാക്ഷന്‍ പിള്ള ആലപ്പുഴയില്‍ നിന്ന് പൂരനഗരത്തിലേയ്ക്കു താമസം മാറ്റുന്നത്. ഭാര്യ സ്വകാര്യ കോളജില്‍ അറ്റന്‍ഡറായി ജോലി നോക്കിയിരുന്നു. മകന്റെ ജീവനു കിട്ടിയ തുക നിര്‍ധന കുട്ടികള്‍ക്ക് പഠിക്കാന്‍ ഉപകരിക്കട്ടേയെന്നാണ് മുതിര്‍ന്ന ദമ്പതികളുടെ ആഗ്രഹം.