‘ആരാണീ എസ്ആര്‍കെ’; പിന്നാലെ വെളുപ്പിന് 2ന് അസം മുഖ്യമന്ത്രിയെ വിളിച്ച് ഷാരൂഖ്

അസമില്‍ പത്താൻ സിനിമ റിലീസ് ചെയ്യാനിരിക്കുന്ന തിയറ്ററില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നു പുലര്‍ച്ചെ 2 മണിക്ക് ഷാരൂഖ് ഖാന്‍ ഫോണില്‍ വിളിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്ത് ക്രമസമാധാന പാലനം സര്‍ക്കാരിന്റെ ചുമതലയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഷാരൂഖിന് ഉറപ്പു നല്‍കിയെന്നും ശര്‍മ ട്വീറ്റ് ചെയ്തു. 

പത്താൻ സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ ‘ആരാണ് ഷാരൂഖ് ഖാന്‍, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പത്താൻ സിനിമയെക്കുറിച്ചോ തനിക്ക് ഒന്നും അറിയില്ല’ എന്നു അസം മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഷാരൂഖ് ബോളിവുഡ് സൂപ്പര്‍താരം ആണെന്ന് പറഞ്ഞപ്പോള്‍ സംസ്ഥാനത്തെ ജനങ്ങള്‍ ബോളിവുഡ് സിനിമയെക്കുറിച്ചല്ല മറിച്ച് അസമീസ് സിനിമയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുവാഹത്തിയില്‍ പത്താൻ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന തിയറ്ററില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ചിലര്‍ വലിച്ചുകീറിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഷാരൂഖ് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പരാതിയുണ്ടായാല്‍ പരിശോധിക്കാമെന്നും ശര്‍മ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മുഖ്യമന്ത്രിയെ പുലര്‍ച്ചെ ഫോണില്‍ ബന്ധപ്പെട്ടത്. ജനുവരി 25നാണ് പത്താൻ റിലീസാകുന്നത്. ചിത്രത്തിൽ നടി ദീപിക പദുക്കോണ്‍ കാവി നിറമുള്ള ബിക്കിനി ധരിച്ച് അഭിനയിച്ച ഗാനരംഗത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.