നോട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങി നേതാവ്; അസമില്‍ രാഷ്ട്രീയ വിവാദം

നോട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന അസം രാഷ്ട്രീയ നേതാവിന്‍റെ ചിത്രം വൈറലാകുന്നു. ഉദൽഗിരി ജില്ലയിലെ ഭൈരഗുരിയിലെ വില്ലേജ് കൗൺസിൽ വികസന സമിതി അധ്യക്ഷൻ ബെഞ്ചമിൻ ബസുമതരിയുടേതാണ് ചിത്രം. 500 രൂപ നോട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്നതാണ് ചിത്രത്തിലുള്ളത്.  

മെത്തയില്‍ വിതറിയിരിക്കുന്ന നോട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന ഇയാള്‍ ദേഹത്തും നോട്ടുകള്‍ വിതറിയിട്ടുണ്ട്. 500 രൂപനോട്ടുകളാണ് ഇവയെല്ലാം. നോട്ടുകള്‍ക്ക് മുകളില്‍ ഉറങ്ങുന്ന ബെഞ്ചമിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ ബെഞ്ചമിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.  

പ്രധാനമന്ത്രിയുടെ ആവാസ് യോജനയുമായി ബന്ധപ്പെട്ട് അനധികൃതമായി പണം തട്ടിയ കേസില്‍ പ്രതിയാണ് ബെഞ്ചമിൻ എന്നാണ് ആരോപണം. കൂടാതെ ഗ്രാമീണ തൊഴില്‍ പദ്ധതിയുമായി ബന്ധപ്പെട്ടും ഇയാള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട്. നിരവധി അഴിമതി ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ നേതാവാണ് ഇയാള്‍. അസമില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് യുപിപിഎല്‍. എന്നാല്‍ ഇയാളെ 2024 ജനുവരിയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിതാണെന്നും പാര്‍ട്ടിയുമായി നിലവില്‍ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് യുപിപിഎല്‍ നേതാക്കള്‍ പറയുന്നത്.