ഭാര്യയെ സംശയം; ഏഴുവയസുകാരനെ തട്ടിക്കൊണ്ടു പോയി രണ്ടാനച്ഛന്‍റെ ഭീഷണി

രണ്ടാനച്ഛന്‍ തട്ടിക്കൊണ്ടു പോയ ഏഴുവയസുകാരനെ രക്ഷപ്പെടുത്തി പൊലീസ്. ചൊവാഴ്ച വൈകുന്നേരത്തോടെ ഗുവാഹത്തിയിലെ രാജദുവാറില്‍ നിന്നാണ് രണ്ടാനച്ഛനായ ഷറഫുദ്ദീന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. നൂന്‍മതിയിലെ വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കാമന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ഈ സമയം കുട്ടിയുടെ മാതൃ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോലിക്ക് ശേഷം തിരികെ വന്ന അമ്മയായ സൂഫിയ മകനെ കാണാതെ ഭര്‍ത്താവിനെ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. കുഞ്ഞിനെ തിരികെ നല്‍കണമെങ്കില്‍ 1.40 ലക്ഷം മോചനദ്രവ്യം നല്‍കണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. വിവരം പൊലീസിനെ അറിയിക്കരുതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സൂഫിയ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ ബന്ധപ്പെട്ടുവെങ്കിലും കുട്ടിയെ നല്‍കാന്‍ തയാറായില്ല. പിന്നീട് പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഷറഫുദ്ദീന്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.  

ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷം 2017ലാണ് ഷറഫുദ്ദീനെ സൂഫിയ വിവാഹം ചെയ്​തത്. തുടര്‍ന്ന് വീട് പണിയാനായി സൂഫിയക്ക് ഇയാള്‍ പണവും നല്‍കിയിരുന്നു. എന്നാല്‍ ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയം തോന്നിയ ഷറഫുദ്ദീന്‍ പ്രതികാരത്തിനായി കുട്ടിയെ തട്ടിക്കൊണ്ടു പോയി താന്‍ നല്‍കിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഷറഫുദ്ദീന്‍ തന്നെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഉപേക്ഷിച്ചു പോയിരുന്നുവെന്നും മറ്റൊരു വിവാഹം ചെയ്​തെന്നും സൂഫിയ പറഞ്ഞു. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് വൈദ്യ പരിശോധനക്ക് ശേഷം കോടതിയിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. 

police rescued boy who was kidnapped by stepfather