കേരള എക്സ്പ്രസിലെ എ.സി കമ്പാര്‍ട്ട്മെന്റില്‍ ബനിയന്‍ വില്‍പന നടത്തിയിരുന്ന അയ്യപ്പന്‍ പറഞ്ഞതായി അറിയിച്ച് പാലക്കാട് റെയില്‍വേ ഡിവിഷനിലെ ടി.ടി.ഐ എന്‍.സോമദാസന്‍ പുറത്ത് വിട്ട ശബ്ദസന്ദേശത്തിലെ യാഥാര്‍ഥ്യം ഇങ്ങനെയാണ്. തേനി ശുക്ലാപുരം സ്വദേശിയാണ് ബനിയന്‍ വില്‍പനക്കാരനായ അയ്യപ്പന്‍. ഇദ്ദേഹത്തിന്റെ മകള്‍ ഐഎഎസുകാരിയെന്നും മകന്‍ ഐപിഎസിലേക്ക് പ്രവേശനം നേടാന്‍ പോകുന്നു എന്നതുമായിരുന്നു അയ്യപ്പന്‍ സോമദാസനോട് പറഞ്ഞത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും യാഥാര്‍ഥ്യമല്ലെന്നാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. അയ്യപ്പന്റെ മകള്‍ തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാരിയാണ്. കുംഭകോണത്ത് ഗ്രാമീണ ക്ഷേമ വകുപ്പില്‍ എക്സിക്യൂട്ടീവ് ഓഫിസറായി ജോലി ചെയ്യുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഒന്നാം പരീക്ഷ എഴുതി വിജയിച്ചിട്ടുണ്ട്. സഹോദരനും ഇതേ പരീക്ഷയുടെ ഒന്നാംഘട്ടം വിജയിച്ചിട്ടുണ്ട്. നിലവില്‍ ഇരുവരും കലക്ടറോ, ഐപിഎസ് ഉദ്യോഗസ്ഥരോ അല്ല.
അയ്യപ്പന്‍ പറയുന്നത് പലപ്പോഴും ബോധമനസോടെ അല്ലെന്നാണ് മകള്‍ ആര്‍പിഎഫിനോട് പറഞ്ഞിരിക്കുന്നത്. അയ്യപ്പനോട് ഉദ്യോഗസ്ഥര്‍ സംസാരിച്ചപ്പോള്‍ തനിക്ക് അബദ്ധം പറ്റിപ്പോയെന്നാണ് അറിയിച്ചത്. തിരുപ്പൂരിലെ ആര്‍പിഎഫ് സംഘം അയ്യപ്പനോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പാണ് അയ്യപ്പന്റെ മകള്‍ക്ക് ജോലി കിട്ടിയത്. അതിന് ശേഷം ബനിയന്‍ വില്‍പനയ്ക്ക് പോയിരുന്നില്ല. രണ്ടാഴ്ച മുന്‍പാണ് വീണ്ടും ബനിയനുമായി ട്രെയിന്‍ സഞ്ചരിച്ച് വില്‍പന തുടങ്ങിയത്. ആര്‍പിഎഫിലെ കൂടുതല്‍ ഉദ്യോഗസ്ഥരോട് പലഘട്ടങ്ങളില്‍ അയ്യപ്പന്‍ മക്കള്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞതായാണ് വിവരം. കഴിഞ്ഞദിവസം ടിക്കറ്റ് പരിശോധിച്ച് വരുന്നതിനിടെയാണ് കോയമ്പത്തൂരിനും സേലത്തിനുമിടയില്‍ എ.സി കോച്ചില്‍ അയ്യപ്പനെ എന്‍.സോമദാസന്‍ കണ്ടുമുട്ടിയത്. പിന്നാലെ സംസാരിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഗുണകരമാകട്ടെ എന്ന ലക്ഷ്യത്തോടെ ഓഡിയോ സന്ദേശമായി ഇദ്ദേഹം സുഹൃത്തിന് കൈമാറുകയായിരുന്നു. അങ്ങനെയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പലരും ഇക്കാര്യം ഷെയര്‍ ചെയ്തത്. അയ്യപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ സോമദാസന്‍ കമ്പാര്‍ട്ട്മെന്റിലെ മറ്റു യാത്രക്കാരോടും പറഞ്ഞിരുന്നു. റെയില്‍വേ അധികൃതര്‍ സോമദാസനോട് വിശദീകരണം തേടിയിട്ടുണ്ട്. അയ്യപ്പനുമായി സംസാരിച്ച കാര്യങ്ങളിലും ഓഡിയോ സന്ദേശം സുഹൃത്തിന് കൈമാറിയതിലും ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സോമദാസന്‍ പ്രതികരിക്കാന്‍ തയാറല്ല.