മൃതദേഹത്തിൽ ജീവനുള്ള പാമ്പ്; ഭയപ്പെടുത്തുന്ന അനുഭവം

മൃതദേഹവുമായി സ്ഥിരമായി ഇടപഴകുന്ന ജോലിയാണ് ഓട്ടോപ്സി ടെക്നീഷ്യൻമാരുടേത്. ചിലപ്പോഴെങ്കിലും അപൂർവ്വമായ സാഹചര്യങ്ങളെ അവർ നേരിടേണ്ടി വരും. അത്തരമൊരു അനുഭവമാണ് യുഎസ്എയിലെ ഒരു ഓട്ടോപ്സി ടെക്നീഷ്യൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്താണെന്നല്ലേ? മൃതശരീരത്തിനുള്ളിൽ ജീവനുള്ള പാമ്പ്!

പാറയിടുക്കിൽ നിന്നും കണ്ടെത്തിയ ജീർണിച്ച ഒരു മൃതദേഹത്തിന്റെ തുടയിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട താൻ അക്ഷരാർഥത്തിൽ മുറിയിലൂടെ അലറി വിളിച്ച് ഓടുകായിരുന്നു. സെക്യൂരിറ്റിയെത്തി പാമ്പിനെ മാറ്റുന്നത് വരെ അവിടേക്ക് പോയില്ലെന്നും ഇവർ പറയുന്നു. 

മൃതദേഹത്തിന്റെ ഉള്ളിലും പുറത്തും പുഴുക്കളെയും പ്രാണികളെയും കണ്ടിട്ടുണ്ടെങ്കിലും പാമ്പിനെ കാണുന്നത് ഇതാദ്യമായിരുന്നു. ശരീരം തണുത്തുറഞ്ഞ അവസ്ഥയിലാണെങ്കിൽ ജീവികൾ അതിൽ കടന്നുകൂടാറില്ല, എന്നാൽ ചൂടുണ്ടെങ്കിൽ ശരീരത്തിൽ ഇത്തരം ജീവികൾ കയറാനുള്ള സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.